കാലവര്‍ഷക്കെടുതിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തോട് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടു. കേരളം സന്ദര്‍ശിച്ച കേന്ദ്രസംഘം പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി എസ്.കെ ചതോപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള പത്തംഗ കേന്ദ്ര സംഘം കേരളത്തിലെത്തി മഴക്കെടുതികളെക്കുറിച്ച് വിലയിരുത്തിയിരുന്നു. അഞ്ച് ദിവസം കേരളത്തില്‍ തങ്ങിയ കേന്ദ്ര സംഘം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായും മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഈ ചര്‍ച്ചകളില്‍ കേരളം കൂടുതല്‍ നഷ്ടപരിഹാരം സംഘത്തോട് ആവശ്യപ്പെടുകയുണ്ടായി. ഈ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹമായ ചില അപേക്ഷകളാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാല് ജില്ലകളിലെയും നാശനഷ്ടങ്ങളുടെ കണക്കുകള്‍ കൂടുതല്‍ വ്യക്തതയോടെ നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ഈ റിപ്പോര്‍ട്ട് ഈയാഴ്ച തന്നെ കേന്ദ്രത്തിന് സമര്‍പ്പിക്കാമെന്ന് കേരളം സമ്മതിച്ചിട്ടുണ്ട്. ഇതു കിട്ടിയ ശേഷം അടുത്ത ആഴ്ച അവസാനം ആഭ്യന്തര മന്ത്രാലയത്തില്‍ ഉന്നതതല യോഗം ചേരും. യോഗത്തിലുണ്ടാകുന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് സമര്‍പ്പിക്കും.
ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ആഭ്യന്തര മന്ത്രാലയവും പിന്നീട് പ്രധാന മന്ത്രിയുടെ ഓഫീസും കേരളത്തിനായുള്ള ദുരിതാശ്വാസം പ്രഖ്യാപിക്കുക.