മലയാളികള്‍ ഇനിയും പാഠം പഠിക്കുന്നില്ല; മാന്ത്രികശക്തിയുള്ള റൈസ്പുള്ളര്‍ തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടി

Webdunia
തിങ്കള്‍, 15 ജൂലൈ 2013 (08:58 IST)
PRO
ഇറിഡിയം കലര്‍ന്ന മാന്ത്രിക ശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന 'റൈസ് പുള്ളറി‘ല്‍ പങ്കാളിയാക്കാമെന്ന വാഗ്ദാനം നല്‍കി നിരവധിപേരില്‍നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി.

കോട്ടയം സിന്ദൂരതറയില്‍ വാസുക്കുട്ടന്‍ (51) ആണ് അറസ്റ്റിലായത്. മറ്റൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി.അത്ഭുതശക്തിയുള്ള റൈസ്പുള്ളര്‍ തന്റെ കൈവശമുണ്ടെന്നും ഇതിന് വിദേശത്ത് കോടികള്‍ വിലമതിക്കുമെന്നും പറഞ്ഞാണ് ഇയാള്‍ ആളുകളെ വലയിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ നിര്‍ദേശിച്ച അക്കൗണ്ടില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചവരുണ്ട്. മറ്റൂര്‍ സ്വദേശി ആറരലക്ഷം രൂപ നല്‍കിയതായി പരാതിയില്‍ പറയുന്നു. ഇറിഡിയം കൂട്ടുള്ള ചെമ്പുപാത്രമാണ് ഇയാള്‍ റൈസ്പുള്ളര്‍ എന്നു പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്.

ഇതിന്റെ പരിസരത്ത് അരി വച്ചാല്‍ കാന്തശക്തിപോലെ ആകര്‍ഷിക്കുന്നതിനാലാണ് റൈസ് പുള്ളര്‍ എന്ന് പേര്‌നല്‍കിയത്. ഇങ്ങനെയൊരു സാധനം തന്റെ കൈവശമില്ലെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. കാവിവസ്ത്രം ധരിച്ചാണ് വാസുക്കുട്ടന്‍ നടന്നിരുന്നത്. ക്ഷേത്ര പരിസരങ്ങളുമായി ബന്ധപ്പെട്ടാണ് തട്ടിപ്പുകള്‍ നടന്നിട്ടുള്ളത്.