മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ അഭിഭാഷകയുടെ കഥ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്തതാണ്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലെ ആദ്യകാല ഡോക്ടറായ പി.കുഞ്ഞമ്പുനായരുടെ മകനും പരേതനും അവിവാഹിതനുമായ പി. ബാലകൃഷ്ണനായിരിന്നു അഭിഭാഷകയുടെ ഇര.
കോടികളുടെ ആസ്തിയാണ് ബാലകൃഷ്ണനുള്ളത്. ഇദ്ദേഹത്തിന്റെ മരണത്തിലും നേരത്തേ ചില സംശയങ്ങള്‍ ബന്ധുക്കള്‍ക്ക് ഉണ്ടായിരുന്നു. ബാലകൃഷ്ണന്റെ സഹോദരന്‍ രമേശന്റെ അഭിഭാഷകയായിരുന്നു കഥാനായിക. ബാലകൃഷ്ണന്‍ വിവാഹിതന്‍ അല്ലെന്ന് തിരിച്ചറിഞ്ഞ അഭിഭാഷക അവരുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ എല്ലാം ശേഖരിക്കുകയായിരുന്നു.
തുടര്‍ന്നാണു പ്രതികള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ ബാലകൃഷ്ണനുമായി ബന്ധം സ്ഥാപിക്കുന്നത്. സംഭവത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുത്തത് അഭിഭാഷകയുടെ ഭര്‍ത്താവാണ്.ആശുപത്രിയില്‍ ഒരു മാസത്തോളം കിടന്ന ബാലകൃഷ്ണനെ അസുഖം ഭേദമാകാതെയാണ് ഇയാള്‍ ഡിസ്ചാര്‍ജ്ജ് എഴുതി വാങ്ങിയത്.
ആശുപത്രിയില്‍നിന്നുള്ള യാത്രാമധ്യേ 2011 സെപ്റ്റംബര്‍ 12ന് കൊടുങ്ങല്ലൂരിലാണ് ബാലകൃഷ്ണന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി: കെ വി വേണുഗോപാലിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഭിഭാഷകയും ഭര്‍ത്താവും സഹോദരിയും കുടുങ്ങിയത്.