കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മേജറടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (10:07 IST)
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജർ റാങ്കിലുള്ള സൈനികനടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരു ജവാനു ഗുരുതരമായി പരുക്കേറ്റു. മേജർ കമലേഷ് പാണ്ഡെ, ജവാൻ തെൻസിൻ എന്നിവരാണു വീരമൃത്യുവരിച്ചത്. കൃപാൽ സിങ് എന്ന സൈനികന്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. 
 
ദക്ഷിണ കശ്മീരിലെ സയ്പോര ജില്ലയിൽ വ്യാഴാഴ്ച രാവിലെയാണു വെടിവയ്പുണ്ടായത്. പ്രദേശത്ത് തീവ്രവാദ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിവരുകയായിരുന്ന സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ടർന്നു സൈന്യവും തിരിച്ചടിച്ചു. ഇതിനിടെയാണു സൈനികർക്കു ഗുരുതരമായി പരുക്കേറ്റത്.
 
പരുക്കേറ്റ സൈനികരെ വ്യോമമാർഗം ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവൻ രക്ഷിക്കാന്‍ സാധിച്ചില്ല. ജമ്മു കശ്മീർ പൊലീസിലെ പ്രത്യേക വിഭാഗം, രാഷ്ട്രീയ റൈഫിൾസ് 62, സിആർപിഎഫ് എന്നിവർ സംയുക്തമായാണു തിരച്ചിൽ നടത്തിയത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. അതേസമയം, പുൽഗാമിൽ സൈന്യവുമായുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ രാവിലെ രണ്ടു ഭീകരർ കൊല്ലപ്പെട്ടിരുന്നു. 
Next Article