മന്‍‌മോഹന്‍റെ പ്രാഗത്ഭ്യം മോഡിക്കില്ല: കുഞ്ഞാലിക്കുട്ടി

Webdunia
ശനി, 22 മാര്‍ച്ച് 2014 (19:41 IST)
PRO
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനുള്ളത്ര പ്രാഗത്ഭ്യമൊന്നും നരേന്ദ്രമോഡിക്കില്ലെന്ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. അങ്ങനെയൊരു മിടുക്ക് മോഡിക്കുണ്ടെങ്കില്‍ അത് ഗുജറാത്തില്‍ കാണേണ്ടതല്ലേയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കാലിക്കറ്റ്‌ പ്രസ്‌ ക്ലബിന്‍റെ ദില്ലി ചലോ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോളിന്‍റെ വില വര്‍ദ്ധന എല്ലാക്കാലത്തും ഉണ്ടാകും. മോഡി വന്നാലും അക്കാര്യത്തില്‍ മാറ്റമുണ്ടാകില്ല. രാജ്യാന്തര വിപണിയാണ്‌ അതിന്‍റെ വില നിയന്ത്രിക്കുന്നത്‌. മോഡിയുടെ കൈയില്‍ അദ്ഭുത വിളക്കൊന്നും ഇല്ലല്ലോ - കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്തെല്ലാം പോരായ്മകള്‍ ഉണ്ടെങ്കിലും കേന്ദ്രത്തില്‍ യു പി എ അധികാരത്തില്‍ വരണമെന്നാണ്‌ ജനങ്ങള്‍ ആഗ്രഹിക്കുന്നത്‌. തീവ്രവാദികള്‍ക്കും ഫാസിസ്റ്റുകള്‍ക്കും ഇത്തവണ വോട്ടു കിട്ടില്ല. യു പി എയ്ക്കു പകരം ബി ജെ പിയാണ്. മറ്റാര്‍ക്കും പ്രസക്‌തിയില്ല. അത് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ യു ഡി എഫ്‌ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സി എം പിയിലെ പിളര്‍പ്പ്‌ യു ഡി എഫിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.