മന്ത്രി ബാബുവിന് പിന്തുണയുമായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും

Webdunia
ശനി, 9 മെയ് 2015 (10:02 IST)
ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ എക്സൈസ് മന്ത്രി കെ ബാബുവിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പിന്തുണ പ്രഖ്യാപിച്ചു. മന്ത്രി ബാബുവിന്റെ മണ്ഡലമായ തൃപ്പുണിത്തുറയില്‍ യു ഡി എഫ് നടത്തിയ രാഷ്‌ട്രീയ വിശദീകരണ യോഗത്തിലാണ് മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ചത്.
 
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് മന്ത്രി ബാബുവിനെ പ്രതിപക്ഷം ആക്രമിക്കുന്നത്. കണ്ണൂര്‍ വിമാത്താവളം,വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നതിന്റെ പേരിലാണ് മന്ത്രി ബാബുവിനെതിരെ പ്രതിപക്ഷം ആരോപണവുമയി രംഗത്ത് എത്തിയിരിക്കുന്നത്. ആരൊക്കെ എതിര്‍ത്താലും വിഴിഞ്ഞം തുറമുഖപദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
അതേസമയം, ആരോപണം ഉന്നയിച്ച് തന്നെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനുളള നീക്കമാണ് സി പി എം നടത്തുന്നതെന്ന് മന്ത്രി കെ ബാബു പറഞ്ഞു. ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ ഒരു അട്ടിമറിയും നടന്നിട്ടില്ലെന്ന് ചടങ്ങില്‍ സംസാരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു.