സംസ്ഥാനത്തെ ഏകവനിതാമന്ത്രി പി കെ ജയലക്ഷ്‌മി വിവാഹിതയാകുന്നു. മെയ് പത്തിനാണ് മന്ത്രിയുടെ വിവാഹം. പരമ്പരാഗത കുറിച്യ ആചാരപ്രകാരം മാനന്തവാടിയിലെ തറവാട്ടു വീട്ടിലായിരിക്കും മന്ത്രിയുടെ കല്യാണം നടക്കുക. മുറച്ചെറുക്കനും ബി ജെ പി അനുഭാവിയുമായ സി എ അനില്‍കുമാര്‍ ആണ് മന്ത്രിക്ക് വരണമാല്യം ചാര്‍ത്തുക.
വയനാട് കമ്പളക്കാട് സ്വദേശിയായ അനില്‍കുമാര്‍ ബി ജെ പി നേതാവും കര്‍ഷക മോര്‍ച്ചയുടെ സംസ്ഥാന ഭാരവാഹിയുമായ പള്ളിയറ രാമന്റെ സഹോദരിയുടെ മകളുടെ മകനാണ്‍. യുവമോര്‍ച്ചയുടെ സജീവപ്രവര്‍ത്തകന്‍ ആയിരുന്ന അനില്‍ കുമാറിന് രാഷ്‌ട്രീയത്തിനൊപ്പം കൃഷിയിലും താല്‍പ്പര്യമുണ്ട്. 30 ഏക്കറോളം സ്ഥലത്ത് കാപ്പിയടക്കമുള്ള വിളകള്‍ കൃഷി ചെയ്യുന്നു.
മാനന്തവാടി പാലോട്ട് കുറിച്യ തറവാട്ടിലെ കുഞ്ഞാമന് - അമ്മിണി ദമ്പതികളുടെ മകളാണ് 34 കാരിയായ ജയലക്ഷ്മി. മേയ് 10ന് പാലോട്ട് തറവാട്ടില്‍ വെച്ചാണ് കല്യാണം. ഏറെ കാലം മുമ്പു തന്നെ നിശ്ചയിച്ച കല്യാണം കഴിഞ്ഞമാസം നടക്കേണ്ടിയിരുന്നതാണ്. എന്നാല്‍, കുഞ്ഞാമന്റെ അച്ഛന്റെ പെങ്ങളുടെ മകന്‍ ബാലകൃഷ്ണന്റെ നിര്യാണംമൂലം മാറ്റി വെയ്ക്കുകയായിരുന്നു.
കുറിച്യ ആചാരപ്രകാരം ബന്ധുകുലത്തിലുള്ളവര്‍ക്ക് ബന്ധുകുലത്തിലുള്ളവരുമായി കല്യാണം പാടില്ല. ഇതിനാലാണ് പന്തികുലത്തില്‍ വരുന്ന മുറച്ചെറുക്കന്‍ അനില്‍ കുമാറുമായി വര്‍ഷങ്ങള്‍ക്കു മുമ്പേ കല്യാണം ഉറപ്പിച്ചത്. കുട്ടിക്കാലം മുതലേ അടുത്തറിയാവുന്നരാണ് ഇരുവരും. ജയലക്ഷ്മി മന്ത്രിയായതോടെ വിവാഹം നീളുകയായിരുന്നു.