മന്ത്രിസ്ഥാനം കോണ്‍ഗ്രസിന് എടുക്കാം, പക്ഷേ ഗണേശിനെ താഴെയിറക്കണം!

Webdunia
വ്യാഴം, 28 ഫെബ്രുവരി 2013 (16:53 IST)
PRO
PRO
കെ ബി ഗണേശ്കുമാറിനെ മന്ത്രിസഭയില്‍നിന്ന് മാറ്റിയാല്‍ പകരം മന്ത്രിസ്ഥാനം കോണ്‍ഗ്രസിന് എടുക്കാമെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഗണേശിനെ മാറ്റിയാല്‍ മന്ത്രിസഭയിലെ സാമുദായിക സന്തുലിതാവസ്ഥ തകരുമെന്ന തടസവാദമാണ് മുന്‍പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനുള്ളിലെ ചര്‍ച്ചകളില്‍ ഉന്നയിച്ചിരുന്നത്. ഇതിന് മറുപടിയായാണ്, തങ്ങള്‍ക്കുകൂടി സമ്മതമുള്ള കോണ്‍ഗ്രസ് എംഎല്‍എയെ പകരം മന്ത്രിയാക്കുക എന്ന പരിഹാര നിര്‍ദേശം പിള്ള മുന്നോട്ടുവച്ചത്. ഗണേശിനെ മാറ്റാനുള്ള നീക്കത്തിന് എന്‍എസ്എസ് നേതൃത്വത്തിന്റെ പിന്തുണയുണ്ട്.

മാര്‍ച്ച് ഏഴിലേക്കു മാറ്റിയ യുഡിഎഫ് ഏകോപനസമിതിയോഗത്തില്‍ ഗണേശിനെ മാറ്റാനുള്ള പാര്‍ട്ടിയുടെ കത്ത് ചര്‍ച്ചചെയ്യണമെന്ന് പിള്ള ഘടകകക്ഷികനേതാക്കളോടും ആവശ്യപ്പെടും. പിള്ളയുടെ കത്ത് മുന്നണിയോഗത്തില്‍ ചര്‍ച്ചചെയ്യണമോ വേണ്ടയോ എന്നത് ഘടകകക്ഷികള്‍ തീരുമാനിക്കട്ടെയെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിക്ക്. ഗണേശിനു പകരം കോണ്‍ഗ്രസില്‍നിന്ന് മന്ത്രിയെ നിശ്ചയിക്കാമെന്ന പിള്ളയുടെ നിലപാട് കോണ്‍ഗ്രസില്‍ ചലനം സൃഷ്ടിക്കുന്നുണ്ട്.

എന്നാല്‍, 20 മന്ത്രിമാരില്‍ താരതമ്യേന മെച്ചപ്പെട്ട മന്ത്രിയാണ് ഗണേശെന്ന അഭിപ്രായമാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്. നേരിയ ഭൂരിപക്ഷം മാത്രമാണെങ്കിലും ഗണേശിനെ മന്ത്രിസ്ഥാനത്തുനിന്ന് തല്‍ക്കാലം മാറ്റിയതുകൊണ്ട് പ്രശ്നമുണ്ടാകില്ലെന്ന വാദം യുഡിഎഫില്‍ സജീവമായി. എന്നാല്‍, യുഡിഎഫിന് തലവേദനയാകുന്ന പ്രസ്താവനകള്‍ ഇടയ്ക്കും മുറയ്ക്കും നടത്തുന്ന പിള്ളയെ പ്രോത്സാഹിപ്പിക്കേണ്ടന്ന മറുവാദം ഉന്നയിക്കുന്നവരുണ്ട്. ഇതിനിടെ കോണ്‍ഗ്രസിന് പുതിയ മന്ത്രിയെ നല്‍കാമെന്ന പിള്ളയുടെ വാഗ്ദാനം പലരുടെയും മന്ത്രി സ്ഥാനമോഹത്തെ വീണ്ടും പൊടിതട്ടിയെടുത്തിട്ടുണ്ട്.

മുമ്പ് കരുണാകരഭരണകാലത്ത് എന്‍ഡിപിയില്‍ തര്‍ക്കംമൂത്തപ്പോള്‍ എന്‍ഡിപിമന്ത്രിയെ മാറ്റി ആരോഗ്യവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ വകുപ്പുമാത്രമല്ല, മന്ത്രിക്കസേരതന്നെ കോണ്‍ഗ്രസിന് ഏറ്റെടുക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ നിര്‍ണായകമായേക്കും.