മന്ത്രിസഭാ പുനസംഘടന: ആന്റണി സോണിയയുമായി ചര്‍ച്ച നടത്തി

വെള്ളി, 7 ജൂണ്‍ 2013 (14:33 IST)
PTI
PTI
കേരളത്തിലെ മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ പ്രതിരോധമന്ത്രി എകെ ആന്റണി ഇടപെടുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസി‌സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരുമായി രാവിലെ ടെലിഫോണില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ആന്റണി സോണിയയെ കണ്ടത്. ഇരുവരുടേയും നിലപാടുകള്‍ സോണിയയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ ആന്റണി തയ്യാറായില്ല.

വിദേശ പര്യടനം കഴിഞ്ഞ് ആന്റണി വ്യാഴാഴ്ചയാണ് തിരിച്ചെത്തിയത്. കേരളത്തില്‍ വഴിമുട്ടി നില്‍ക്കുന്ന ചര്‍ച്ചകള്‍ക്ക് ആന്റണിയുടെ ഇടപെടലോടെ തീരുമാനമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക