മന്ത്രിമാര്‍ക്കെതിരായ ഹര്‍ജി തള്ളി

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2007 (11:57 IST)
അറസ്റ്റ്‌ ചെയ്‌ത എ.ഐ.വൈ.എഫ്‌ പ്രവര്‍ത്തകരെ പൊലീസ്‌ സ്റ്റേഷനില്‍ കയറി മോചിപ്പിച്ച സി.പി.ഐ മന്ത്രിമാര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി.

മന്ത്രിമാര്‍ പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ചില്ലെന്ന പൊലീസിന്‍റെ സത്യവാങ്മൂലം കോടതി അംഗീകരിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അടങ്ങിയ ഡിവഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. മന്ത്രിമാര്‍ പ്രതികളെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ കോടതി വ്യക്തമാക്കി.

മന്ത്രിമാരായ സി.ദിവാകരന്‍, കെ.പി.രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെയായിരുന്നു ഹര്‍ജി. ഇവര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അതിനാല്‍ ഇവരെ മന്ത്രിസ്ഥാനത്തുനിന്ന്‌ നീക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കുത്തക വ്യാപരത്തിനെതിരെ എ.ഐ.വൈ.എഫ് നടത്തിയ പ്രതിഷേധ പ്രകടനമാണ് ഹര്‍ജിക്ക് കാരണം.

പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനും മന്ത്രിമാരു പൊലീസ് സ്റ്റേഷനിലെത്തിയത്.