മന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുക്കണം - യു.ഡി.എഫ്

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2007 (15:42 IST)
പൊതുമരാമത്ത് മന്ത്രി ടി.യു.കുരുവിളയ്ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. മന്ത്രിയെന്ന നിലയില്‍ കുരുവിളയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് കണ്‍‌വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കുരുവിള നടപടികമങ്ങള്‍ പാലിച്ചില്ലെന്നും അധികാര ദുര്‍വിനിയോഗം ചെയ്തതായി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുക്കണം.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണം മന്ത്രിയെ രക്ഷിക്കാന്‍ വേണ്ടിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും വേണ്ടിയാണ്. വിമാനവിവാദത്തില്‍ ആരോപണവിധേയനായ മുന്‍ മന്ത്രി പി.ജെ.ജോസഫിനെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

ഈ സാഹചര്യത്തില്‍ ജുഡീ‍ഷ്യല്‍ അന്വേഷണം വൈകിപ്പിക്കുക വഴി കുരുവിളയ്ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തുള്ള അന്വേഷണം ഒഴിവാക്കാനാണ് ശ്രമിച്ചിരിക്കുന്നത്. കുരുവിളയ്ക്കെതിരെ ആരോപണം ഉണ്ടായി ഇത്രയും ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഭരണഘടനാപരമായ ബാധ്യത നിറവേറ്റിയില്ല.

അടുത്ത യു.ഡി.എഫ് യോഗത്തില്‍ ഇടതുമുന്നണിയിലെ ചില വമ്പന്മാര്‍ ഉള്‍പ്പെട്ട ഭൂമിയിടപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും അക്കാര്യം പുറത്തുവിടുകയും ചെയ്യും. മന്ത്രി രാജിവച്ചില്ലെങ്കില്‍ അടുത്ത് തുടങ്ങാന്‍ പോകുന്ന നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹത്തെ മന്ത്രിയെന്ന നിലയില്‍ സഭയില്‍ പ്രവേശിപ്പിക്കില്ല.

സര്‍ക്കാരിന്‍റെ ഭരണ പരാജയത്തിനെതിരെ സഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കാനും യു.ഡി.എഫ് തീരുമാനിച്ചു. ഇടതുമുന്നണിയില്‍ പല ഘടകകക്ഷികളും ശ്വാസംമുട്ടി കഴിയുകയാണ്. ഏത് സ്മയത്തും ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാമെന്നും പി.പി.തങ്കച്ചന്‍ പറഞ്ഞു.

കിളിരൂര്‍ കേസില്‍ കൊല്ലപ്പെട്ട ശാരിയുടെ പിതാവ് മന്ത്രി പി.കെ.ശ്രീമതിയാണ് വി.ഐ.പിയെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ അവര്‍ രാജിവയ്ക്കുകയോ മുഖ്യമന്ത്രി പുറത്താക്കുകയോ വേണം. കുന്നിക്കോട് മദ്യദുരന്തം ഉണ്ടായത് സര്‍ക്കാരിന്‍റെ വികലമായ മദ്യനയം മൂലമാണ്. ഈ സര്‍ക്കാര്‍ അനുവദിച്ച 1610 പുതിയ കള്ള് ഷാപ്പുകള്‍ റദ്ദാക്കണം.

ഗുണ്ടാ ആക്ടിന്‍റെ പരിധിയില്‍ അബ്കാരി നിയമം കൊണ്ടുവരണമെന്നും യു.ഡി.എഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.