മദ്യനയത്തില്‍ തീരുമാനമായില്ല, പൊട്ടിത്തെറിച്ച് സുധീരന്‍

Webdunia
തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (20:57 IST)
സര്‍ക്കാരിന്‍റെ മദ്യനയം സംബന്ധിച്ച് തിങ്കളാഴ്ച നടന്ന യു ഡി എഫ് യോഗത്തിലും തീരുമാനമായില്ല. മദ്യനയത്തില്‍ ഒരു മാറ്റവും പാടില്ലെന്ന കടുത്ത നിലപാടില്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ഉറച്ചുനിന്നു. എന്തെങ്കിലും മാറ്റമുണ്ടായാല്‍ താനും ജനങ്ങളും അംഗീകരിക്കില്ലെന്നും എല്ലാം ജനങ്ങളോട് വിശദീകരിക്കേണ്ടിവരുമെന്നും സുധീരന്‍ തുറന്നടിച്ചു.
 
യോഗത്തിന്‍റെ ഒരുഘട്ടത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും സുധീരനും തമ്മില്‍ നേര്‍ക്കുനേര്‍ വാക്പോരുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാക്കാര്യത്തിലും അന്തിമ തീരുമാനമെടുക്കാന്‍ മന്ത്രിസഭയെ ചുമതലപ്പെടുത്തിയാണ് യു ഡി എഫ് യോഗം പിരിഞ്ഞത്.
 
2.10.2024ഓടെ കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം എന്ന ലക്‍ഷ്യത്തിനായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു. മദ്യനയത്തിലെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ ഒരു മാറ്റവും ഉണ്ടാകില്ല. എന്നാല്‍ മദ്യനയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവരുടെ കാര്യവും ടൂറിസം മേഖലയിലെ തിരിച്ചടികളും കണക്കിലെടുത്ത് പ്രായോഗികമായ ചില മാറ്റങ്ങള്‍ വരും. അക്കാര്യം ആലോചിച്ച് തീരുമാനിക്കാനാണ് മന്ത്രിസഭയെ ചുമതലപ്പെടുത്തിയിരിക്കുന്നത് - ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി.
 
ബീര്‍, വൈന്‍ പാര്‍ലറുകളുടെയും ക്ലബ് ലൈസന്‍‌സിന്‍റെയും കാര്യത്തിലും മന്ത്രിസഭ തീരുമാനമെടുക്കും. ബീര്‍, വൈന്‍ പാര്‍ലറുകളുടെയും 'ഡ്രൈ ഡേ'യുടെയും കാര്യത്തില്‍ ഒരു മാറ്റവും വരുത്താന്‍ പാടില്ലെന്ന് യോഗത്തില്‍ സുധീരന്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്. 
 
ടൂറിസം, തൊഴില്‍ മേഖലകളില്‍ മദ്യനയമുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അതാത് മേഖലകളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ സമഗ്രമായ ഒരു പഠനമാണ് വേണ്ടതെന്ന് സുധീരന്‍ വിയോജിപ്പ് രേഖപ്പെടുത്തി.
 
മദ്യനയത്തില്‍ മാറ്റം വരുത്തരുതെന്ന് മുസ്ലിം ലീഗും ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടു. മദ്യനയത്തില്‍ മാറ്റം വേണ്ടെന്ന നിലപാടിനോട് ഒടുവില്‍ മാണി വിഭാഗവും ചേര്‍ന്നു.
 
പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ നിയമസഭയില്‍ ആരോപണമുന്നയിച്ച കെ ബി ഗണേഷ് കുമാറിനെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ യു ഡി എഫ് യോഗത്തില്‍ തീരുമാനമായി. ഗണേഷ് മുന്നണിമര്യാദകള്‍ ലംഘിച്ചു എന്ന് യോഗം വിലയിരുത്തി.