അബ്ദുള്‍ നാസര്‍ മദനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതില്‍ പ്രതിഷേധിച്ച് അന്‍വാര്‍ശേരിയില്‍ പി ഡി പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ ആത്മാഹുതി ശ്രമം. രണ്ട് പി ഡി പി പ്രവര്‍ത്തകര്‍ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അന്‍വാര്‍ശേരിയില്‍ നിന്ന് കരുനാഗപ്പള്ളി വരെയായിരുന്നു പ്രതിഷേധ പ്രകടനം. പ്രകടനം അന്‍വാര്‍ശേരിയില്‍ മടങ്ങിയെത്തിയപ്പോഴാണ് രണ്ടു പ്രവര്‍ത്തകര്‍ മദനിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തിയത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
മദനിയെ അറസ്റ്റ് ചെയ്യാനായി പൊലീസ് ഉടനെത്തുമെന്ന് ചൊവ്വാഴ്ച വൈകുന്നേരം കിംവദന്തി പരന്നിരുന്നു. ഇതാണ് പ്രവര്‍ത്തകരെ ആത്മാഹുതിക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന. മൈനാഗപ്പള്ളി സ്വദേശികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മദനിക്കെതിരെ ബാംഗ്ലൂര്‍ ചീഫ് മെട്രോപൊലിറ്റന്‍ കോടതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഈ മാസം 23ന് മദനി കോടതിയില്‍ ഹാജരാകണം. ഇതിനുള്ള സമന്‍സ് കോടതി കഴിഞ്ഞദിവസം തന്നെ അയച്ചിട്ടുണ്ട് എന്നാണ് സൂചന.