മണിയുടെ വിവാദപ്രസംഗം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതിയും തള്ളി

ചൊവ്വ, 6 ജനുവരി 2015 (12:06 IST)
ഇടുക്കിയിലെ സി പി ഐ (എം)ന്റെ ശക്തനായ നേതാവ് എം എം മണിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. മണി നടത്തിയ വിവാദപ്രസംഗത്തില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
 
നേരത്തെ, തുടരന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളി. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തില്‍ ഇടുക്കി തോട്ടം മേഖലയില്‍ പാര്‍ട്ടിയെ എതിര്‍ത്തവരെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്ന് ആയിരുന്നു മണിയുടെ പ്രസംഗം.
 
ഈ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ ബാലു വധക്കേസില്‍ തുടരന്വേഷണം നടത്താനായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. ഇതിനെ തുടര്‍ന്നാണ് പുനരന്വേഷണത്തിന് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. 
 
തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷിക്കാന്‍ ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്.

വെബ്ദുനിയ വായിക്കുക