മലയാള നാടകവേദിക്ക് സുപരിചിതനായ മടവൂര്‍ ഭാസി (82) ശനിയാഴ്ച അന്തരിച്ചു. ശനിയാഴ്ച വെളുപ്പിന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വച്ചായിരുന്നു അന്ത്യം.
നാടകവുമായി ബന്ധപ്പെട്ട് നിരവധി രചനകള്‍ നടത്തിയിട്ടുള്ള അദ്ദേഹത്തിന്‍റെ പ്രധാന കൃതികള്‍ മലയാള നാടകവേദിയുടെ കഥ, ലഘുഭാരതം, അര്‍ത്ഥം, അനര്‍ത്ഥം, നാട്യശാസ്ത്രം, അഴിയാത്ത കെട്ടുകള്‍, അഗ്നിശുദ്ധി എന്നിവയാണ്.
ആകാശവാണിയുടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം 1985 ലാണ് ആകാശവാണിയില്‍ നിന്ന് അസിസ്റ്റന്‍റ് എഡിറ്റര്‍ പദവിയില്‍ നിന്ന് വിരമിച്ചത്. കേരളജനത, മലയാളി എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു മടവൂര്‍ ഭാസി.
കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്, കേരള സംസ്ഥാന സര്‍ക്കാര്‍ ഫെലോഷിപ്പ് എന്നിവ ഉള്‍പ്പൈടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്തുള്ള മടവൂരിലെ പ്ളാവിള വീട്ടില്‍ കൃഷ്ണപിള്ള - ഈശ്വരിയമ്മ ദമ്പതികളുടെ പുത്രനാണ് മടവൂര്‍ ഭാസി. ഭാര്യ കമലാഭായിയമ്മ നേരത്തേ മരിച്ചു. അധ്യാപകനായി വിരമിച്ച സുരേഷ് കുമാര്‍, വിജയന്‍, ഗീത എന്നിവരാണ് മക്കള്‍.
ആലന്തറയിലെ രംഗപ്രഭാത് പ്രസിഡന്‍റായ കൊച്ചുനാരായണ പിള്ള, കെ.പി.വാസുദേവന്‍ പിള്ള, ചന്ദ്രലേഖ, പരേതരായ ഗോപാലകൃഷ്ണന്‍ നായര്‍, തങ്കപ്പന്‍ നായര്‍, അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ സഹോദരങ്ങളാണ്.