സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ തോമസ് കുരുവിള കോട്ടയം സ്വദേശിയായ പഴയ സഹപ്രവര്‍ത്തകനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിഎമാരില്ലാതെ ഡല്‍ഹിയിലെത്തുമ്പോള്‍ സഹായങ്ങള്‍ ചെയ്യുന്നത് തോമസ് കുരുവിളയാണെന്നും ഇയാളുമായി മറ്റ് ഇടപാടുകളൊന്നും ഇല്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
എന്നാല്‍ മുഖ്യമന്ത്രി പൊട്ടന്‍ കളിക്കുകയാണെന്ന് വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകന്റെ സഹായിയായി ചെറിയ ശമ്പളത്തില്‍ ഡല്‍ഹിയില്‍ തങ്ങുന്ന പാവം പയ്യന്‍ എങ്ങനെ കോടീശ്വരനായെന്ന് വി എസ് തിരിച്ചുചോദിച്ചു.
വിഎസ് കഴിഞ്ഞകാല സംഭവങ്ങള്‍ ഓര്‍ത്തയായിരിക്കും ഇങ്ങനെ പറയുന്നതെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. വി.എസിന്റെ മകനെതിരായ ആരോപണങ്ങള്‍ക്ക് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. ഇതോടെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. ഉമ്മന്‍ ചാണ്ടി പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ബഹളം ശക്തമായതോടെ സഭ നിര്‍ത്തിവച്ചു.