മകരജ്യോതി: സര്‍ക്കാര്‍ വിശദീകരിക്കണം

Webdunia
ശനി, 12 ഫെബ്രുവരി 2011 (09:14 IST)
WD
മകരവിളക്കിന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിക്കുന്നതെ കുറിച്ച് സംസ്ഥാന സര്‍ക്കാരും വനം വകുപ്പും ദേവസ്വവും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. യുക്തിവാദികളായ യു കലാനാഥന്‍, ശ്രീനി പട്ടത്താനം എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.

മകരവിളക്കിനെ കുറിച്ചുള്ള ജസ്റ്റിസ് ചന്ദ്രശേഖരമേനോന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കണമെന്നാണ് യു കലാനാഥന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിക്കാതെ മറ്റൊരു ജുഡീഷ്യല്‍ അന്വേഷണം അനുവദിക്കരുത് എന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കി മകരവിളക്ക് തെളിയിക്കരുത് എന്നാണ് ശ്രീനി പട്ടത്താനത്തിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സംസ്ഥാന ദുരിത നിവാരണ അതോറിട്ടിയുടെ ജില്ലാ സമിതി രൂപീകരിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ അവ അപകടം ഒഴിവാക്കാനും രക്ഷാപ്രവര്‍ത്തനത്തിനും എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നും കോടതി ചോദിച്ചിട്ടുണ്ട്. പൊന്നമ്പലമേട് വനംവകുപ്പിന്റെ കീഴിലായതിനാലാണ് വനംവകുപ്പിന്റെ വിശദീകരണം തേടുന്നത്.

ദുരന്തം നടന്ന പുല്ലുമേട്ടില്‍ പാര്‍ക്കിങ്ങിന് പ്രത്യേക സ്ഥലം നിശ്ചയിച്ചിരുന്നില്ല. വനപാതകളില്‍ വനസംരക്ഷണത്തിനാണ് ചങ്ങല കുറുകെ കെട്ടുന്നത്. ദുരന്തം നടന്ന സ്ഥലത്ത് വൈകിട്ട് മൂന്ന് മണി മുതല്‍ ചങ്ങല അഴിച്ചിട്ടിരുന്നു. ഡിസംബര്‍ 11 മുതല്‍ ജനവരി 14 വരെ 6111 സ്വകാര്യ വാഹനങ്ങളാണ് വള്ളക്കടവ് ചെക്ക് പോസ്റ്റ് വഴി കടന്നുപോയതെന്ന് അഴുതയിലെ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനും ജസ്റ്റിസ് എസ് എസ് സതീശചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് മകരവിളക്കിനെ കുറിച്ച് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്.