ഐ.എസ്.ആര്‍.ഒ ഭൂമി വിവാദം സംബന്ധിച്ച് വനംമന്ത്രി ബിനോയ് വിശ്വവും റവന്യൂ കെ.പി.രാജേന്ദ്രനും തമ്മില്‍ തൃശൂരില്‍ വന്ന് അനൌപചാരിക ചര്‍ച്ചകള്‍ നടത്തും.
ഇതു സംബന്ധിച്ച വിശദമായ ചര്‍ച്ച ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ നടക്കുമെന്ന് റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ ഇന്‍സ്റ്റിട്യൂട്ടിനായി പൊന്മുടി പ്രദേശത്ത് കണ്ടെത്തിയ സ്ഥലം നിക്ഷിപ്‌ത വനഭൂമിയാണെന്ന് റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ടെങ്കില്‍ അത് നല്‍കേണ്ടത് വകുപ്പ് മന്ത്രിക്കാണ്. വകുപ്പ് മന്ത്രി ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അതിനാല്‍ വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നും പറയാനാവില്ല. റവന്യൂ വകുപ്പിന്‍റെ പൂര്‍ണമായ ഉടമസ്ഥതയിലുള്ള സ്ഥലമാണെന്നാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന വിവരം.
ചൊവ്വാഴ്ച താന്‍ മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം ചര്‍ച്ച ചെയ്യും. ഐ.എസ്.ആര്‍.ഒയ്ക്ക് നവംബര്‍ 30ന് മുമ്പ് ഭൂമി കണ്ടെത്തി നല്‍കണമെന്നാണ് തങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നത്. അത് തങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ഇനിയുള്ള കാര്യം തീരുമാനിക്കേണ്ടത് ഐ.എസ്.ആര്‍.ഒ ചെയര്‍മാനാണ്.
അദ്ദേഹം ഈ സ്ഥലം സന്ദര്‍ശിച്ചു. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.