കത്തിപ്പടര്‍ന്ന വിവാദങ്ങള്‍ക്ക് താല്‍ക്കാലിക ശമനം. ഭൂമിചട്ട ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. വിവാദങ്ങളെ തുടര്‍ന്നാണ് ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനമാനിച്ചതെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഭേദഗതി പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്താണ് എടുത്തിട്ടുള്ളതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ഇടുക്കിയിലെ കര്‍ഷകരെ സഹായിക്കാനും പരമാവധി പട്ടയങ്ങള്‍ നല്‍കാനുമായാണ് ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷം ചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെയും മറ്റും പശ്ചാത്തലത്തില്‍ 01.06.2015ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയാണ്. SRO No-436/2015 എന്ന ഉത്തരവാണ് പിന്‍വലിക്കുന്നത് - അടൂര്‍ പ്രകാശ് അറിയിച്ചു.
എനിക്ക് സദുദ്ദേശം മാത്രമാണ് ഇക്കാര്യത്തില്‍ ഉണ്ടായിരുന്നത്. മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളും അതിന് നേതൃത്വം കൊടുക്കുന്നവരും ആക്ഷേപിക്കുന്ന രീതിയില്‍ ഒന്നും ഞാന്‍ ആലോചിച്ചിട്ടില്ല. ഇതുമൂലം ചില കേസുകള്‍ ദുര്‍ബലമാകുമെന്നൊക്കെ ചിലര്‍ ആരോപിച്ചുകണ്ടു. ഈ ഉത്തരവ് കാരണം ഒരു കേസും ദുര്‍ബലമാകരുതെന്ന നിര്‍ബന്ധമുള്ളതുകൊണ്ടുകൂടിയാണ് ഇത് പിന്‍വലിക്കുന്നത് - അടൂര്‍ പ്രകാശ് പറഞ്ഞു.
ചില സാമൂഹ്യസംഘടനകള്‍ ആഗ്രഹിക്കുന്നതുപോലെ നിന്നുകൊടുക്കുന്നയാളല്ല ഞാന്‍. അതുകൊണ്ടാണ് എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. അവരുടെ ആരോപണങ്ങള്‍ക്കൊന്നും മറുപടിയില്ലാത്തതുകൊണ്ടല്ല, അതേരീതിയില്‍ പറയാന്‍ എന്‍റെ മാന്യത അനുവദിക്കാത്തതുകൊണ്ടാണ് മറുപടി പറയാത്തതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ഇതിനോടകം 23686 പട്ടയങ്ങള്‍ ഇടുക്കി ജില്ലയില്‍ യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ 6245 പട്ടയം മാത്രമാണ് നല്‍കിയത് എന്നോര്‍ക്കണം. 22ന് വീണ്ടും ഇടുക്കിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മെഗാപട്ടയമേള നടക്കുകയാണ്. 20000 പട്ടയങ്ങള്‍ അന്ന് നല്‍കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് - അടൂര്‍ പ്രകാശ് വ്യക്തമാക്കി.
ഞാന്‍ കയ്യേറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരും ആക്ഷേപിച്ചിട്ടില്ല. ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ ഉള്‍പ്പടെയുള്ള വന്‍കിട കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തതും യു ഡി എഫ് സര്‍ക്കാരാണ് - മന്ത്രി ചൂണ്ടിക്കാട്ടി.