ഭിക്ഷാടനത്തിനായി ക്രൂരത; സ്ത്രീയെയും കൊച്ചുമകളെയും മടക്കിയയച്ചു

വ്യാഴം, 25 ഏപ്രില്‍ 2013 (17:16 IST)
PRO
PRO
ഭിക്ഷാടനത്തിനായി രണ്ടുവയസുകാരിയെ ഉപദ്രവിച്ച സംഭവത്തില്‍ സ്ത്രീയെയും കൊച്ചുമകളെയും എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം ആന്ധ്രാപ്രദേശിലേക്ക്‌ മടക്കിയയച്ചു. ആന്ധ്ര കടപ്പ സ്വദേശിനി ഗരമ്മ (50), കൊച്ചുമകള്‍ വരലക്ഷ്മി (രണ്ട്‌) എന്നിവരെയാണ്‌ എസ്പി: തോംസ ണ്‍ ജോണിന്റെ നിര്‍ദ്ദേശ പ്രകാരം ആന്ധ്രയിലേക്ക്‌ അയച്ചത്‌.

കഴിഞ്ഞ മാര്‍ച്ച്‌ 25നാണ്‌ സംഭവം ഉണ്ടായത്. ചെങ്ങന്നൂര്‍ ഷൈനി റോഡില്‍ ഭിക്ഷാടനം നടത്തിക്കൊണ്ടിരിക്കെ ഗരമ്മയുടെ ഒപ്പമുണ്ടായിരുന്ന രണ്ടുവയസുകാരി നിര്‍ത്താതെ കരയുന്നത്‌ ശ്രദ്ധയില്‍ പെട്ട ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്‌ ബി കൃഷ്ണകുമാറും സാമൂഹ്യ പ്രവര്‍ത്തകന്‍ സാജന്‍ വൈറത്തും അന്വേഷിച്ചപ്പോഴാണ്‌ കുട്ടിയുടെ പ്ലാസ്റ്ററിട്ട ഇടതു കാലില്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീ പിടിച്ച്‌ തിരിക്കുന്നത്‌ ബോധ്യപ്പെട്ടത്‌. ഇതിന്റെ വേദനയിലാണ്‌ കുട്ടി അലമു റയിട്ട്‌ കരയുന്നതെന്നും മനസിലായി. ഇവര്‍ ഉടന്‍ തന്നെ കുട്ടയെയും സ്ത്രീയെയും ചെങ്ങന്നൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഡോക്ടറുടെ പരിശോധനയില്‍ കുട്ടിയുടെ ഇടതു കാല്‍ ഒടിഞ്ഞതായി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന്‌ കുട്ടിക്ക്‌ ചികിത്സ നല്‍കിയ ശേഷം ഇവരെ ആലപ്പുഴ മഹിളാ മന്ദിരത്തിലും പിന്നീട്‌ ശിശുക്ഷേമ സമിതിയിലും ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ തനിക്കും കുട്ടിയ്ക്കും നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട്‌ ഗരമ്മ പട്ടിണി കിടന്നതോടെ സമിതി അധികൃതര്‍ കളക്ടറെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന്‌ ഇവരെ ആന്ധ്രാപ്രദേശിലെ കടപ്പയിലെ ശിശുക്ഷേമ സമിതിയിലേക്ക്‌ മാറ്റാന്‍ കളക്ടര്‍ എസ്പിക്ക്‌ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് എ എസ്‌ഐ: ടി.സി.സുരേഷ്ബാബു, വനിത പൊലീസ്‌ ഓഫീസര്‍മാരായ ശ്രീജ, ഗീത എന്നിവര്‍ക്കൊപ്പം സ്ത്രീയെയും കുട്ടിയെയും നാട്ടിലേക്ക്‌ അയച്ചു.

വെബ്ദുനിയ വായിക്കുക