ബ്ലേഡ് മാഫിയക്കെതിരായ പരാതികള്‍ സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍. ബ്ലേഡ് പലിശക്കാരെക്കൊണ്ട് ബുദ്ധിമുട്ടുന്ന ആര്‍ക്കും പരാതി അയക്കാമെന്ന് അറിയിച്ച് രമേശ് ചെന്നിത്തല സ്വന്തം മൊബൈല്‍ നമ്പറും പോസ്റ്റ് ചെയ്തു. മാഫിയയെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയും മന്ത്രി ഉറപ്പുനല്‍കുന്നു. ഇതിനായി പരാതികള്‍ ഉടനടി ഇന്റലിജന്‍സ് മേധാവിക്ക് കൈമാറാനാണ് ഉദ്ദേശ്യം.
അനധികൃത പണമിടപാട് സ്ഥാപനങ്ങളുടെ പീഡനം നേരിടുന്നവര്‍ക്ക് ആഭ്യന്തരമന്ത്രിയുമായി നേരിട്ട് ബന്ധപ്പെടാമെന്നാണ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജിലെ ഏറ്റവും പുതിയ പോസ്റ്റ്. മന്ത്രിയാകും മുന്‍പെ ഉപയോഗിക്കുന്ന സ്വന്തം മൊബൈല്‍ ഫോണ്‍ നമ്പറാണ് ഇതിനായി പരസ്യപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തനം ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരം മാഫിയകളെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പേജില്‍ മന്ത്രി കുറിച്ചിട്ടുണ്ട്.
ആദ്യ മണിക്കൂറുകളില്‍ തന്നെ 2500ഓളം പേര്‍ പേജിലെത്തിയിട്ടുണ്ട്. 2480 ലൈക്കുകളുണ്ട്. നാലായിരത്തോളം പേര്‍ ഇത് ഷെയര്‍ ചെയ്ത് കഴിഞ്ഞു. അഭിനന്ദിച്ചും പിന്തുണ അറിയിച്ചും സന്ദേശങ്ങള്‍ കുറിച്ച നാനൂറോളം പേരില്‍ ചിലര്‍ സജീവമായ ചില വിഷയങ്ങളും മന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട്. തലസ്ഥാന നഗരത്തില്‍ ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ ബ്ലേഡുകാര്‍ക്കെതിരേ ഫലപ്രദമായി നടപടികള്‍ സ്വീകരിച്ചുപോന്ന കമ്മിഷണര്‍ പി വിജയനെ മാറ്റിയത് എന്തിനെന്ന് മന്ത്രി തിരക്കണം എന്ന മട്ടിലുള്ളതാണ് ചില കമന്റുകള്‍.
ബ്ലേഡ് ഇടപാടുകളെക്കുറിച്ച് രഹസ്യ നിരീക്ഷണത്തിന് ആഭ്യന്തരമന്ത്രി ചുമതലപ്പെടുത്തിയിട്ടുള്ള ഇന്റലിജന്‍സ് മേധാവി എഡിജിപി ഹേമചന്ദ്രനാണ് ഇതുവഴിയെത്തുന്ന പരാതികള്‍ നേരിട്ട് കൈമാറുക.