പോള്‍ വധക്കേസിന്റെ അന്വേഷണത്തില്‍ സംസ്ഥാന പൊലീസ് വീഴ്ച വരുത്തിയെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. കടുത്ത ഭാഷയിലാണ് വ്യാഴാഴ്ച ഹൈക്കോടതി സംസ്ഥാന പൊലീസിനെ വിമര്‍ശിച്ചത്. ബൈക്കപകടവും പോള്‍ എം ജോര്‍ജ്ജിന്റെ മരണവും തമ്മിലുള്ള ബന്ധം മനസിലാകുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
പോള്‍ വധക്കേസിന്റെ അന്വേഷണം സിബിഎഇക്ക് വിടണം എന്നാവശ്യപ്പെട്ട് പോളിന്റെ പിതാവ് സമര്‍പ്പിച്ച് ഹര്‍ജിയിലുള്ള വാദം തുടരുന്നതിനിടയിലാണ് ഹൈക്കോടതി വീണ്ടും പൊലീസിനെ വിമര്‍ശിച്ചത്. എന്തിനാണ് പൊലീസ് കോടതിക്ക് മുമ്പില്‍ നാടകം കളിക്കുന്നതെന്ന് ബുധനാഴ്ച ഹൈക്കോടതി ചോദിച്ചിരുന്നു.
നെടുമുടി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന ജനറല്‍ ഡയറിയിലെ മൊഴി മാറ്റിയത് പൊലീസിന്റെ ഭാഗത്തുനിന്നുള്ള വന്‍ വീഴ്ചയായിട്ടാണ് കോടതി നിരീക്ഷിച്ചത്. ബൈക്കപകടവും പോളിന്റെ മരണവും തമ്മില്‍ എങ്ങനെയാണ് ബന്ധപ്പെടുന്നതെന്ന് മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞു.
ബൈക്കപകടം ഉന്റായ ഉടന്‍ ബൈക്ക് യാത്രക്കാരന്‍ നെടുമുടി സ്റ്റേഷനില്‍ എത്തി മൊഴി നല്‍കാന്‍ തയ്യാറായിട്ടും പൊലീസ് എന്തുകൊണ്ട് മൊഴി എടുത്തില്ല എന്ന് കോടതി ചോദിച്ചു. സംഭവം കഴിഞ്ഞ് 20 മണിക്കൂറിന് ശേഷം ബൈക്ക് യാത്രക്കാരന്റെ വീട്ടിലെത്തി മൊഴിയെടുത്ത സംസ്ഥാന പൊലീസിന്റെ നടപടി കേട്ടുകേള്‍വി പോലും ഇല്ലാത്തതാണെന്നും കോടതി നിരീക്ഷിച്ചു. അതുപോലെ തന്നെ സാക്ഷിയായ മനുവിന്റെ മൊഴി രേഖപ്പെടുത്താല്‍ വൈകിയതിനും കോടതി വിമര്‍ശിച്ചു.
പോളിന്റെ പിതാവ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റീസ് എസ്.ആര്‍ ബന്നൂര്‍മഠും ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനും അടങ്ങുന്ന ബഞ്ചാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷവും ഈ കേസില്‍ വാദമുണ്ടാകും.
മുത്തൂറ്റ് കുടുംബം അന്വേഷണത്തില്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയതോടെ പോള്‍ വധക്കേസ് വീണ്ടും സജീവമാവുകയാണ്. ഡല്‍ഹിയിലുള്ള ഒരു സ്വകാര്യ ഡിറ്റക്‌ടീവ് ഏജന്‍സിയെയാണ് മുത്തൂറ്റ് കുടുംബം സഹായത്തിനായി സമീപിച്ചിരിക്കുന്നത്. കള്ളന്‍ കപ്പലില്‍ ആയതിനാല്‍ സംസ്ഥാന പൊലീസ് കേസന്വേഷിച്ചാല്‍ ഒന്നും തെളിയുകയില്ല എന്ന നിലപാടാണ് മുത്തൂറ്റ് കുടുംബം എടുത്തിരിക്കുന്നത്. കേസ് സിബിഎഇക്ക് വിട്ടാലേ നിഷ്പക്ഷമായ അന്വേഷണം നടക്കൂ എന്ന് അവര്‍ വിശ്വസിക്കുന്നു.
പോളിന്റെ കൂട്ടുകാരനായ ഓംപ്രകാശിന് പോള്‍ വധത്തില്‍ പ്രധാന പങ്കുണ്ടെന്ന് മുത്തൂറ്റ് കുടുംബം വിശ്വസിക്കുന്നു. എന്നാല്‍ തെളിവ് നശിപ്പിക്കല്‍ കുറ്റം മാത്രമാണ് ഓംപ്രകാശില്‍ ചുമത്തിയിരിക്കുന്നത്. ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി സംസ്ഥാന പൊലീസിനെതിരെ വിമര്‍ശനശരങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മുത്തൂറ്റ് കുടുംബം പറയുന്നതില്‍ ന്യായമുണ്ടെന്ന് സര്‍ക്കാരിന്റെ വിമര്‍ശകര്‍ അഭിപ്രായപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.