ബെന്യാമിന്‍ ആരാണെന്ന് പോലും എനിക്കറിയില്ല, മോഹന്‍ലാലുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയാത്തവരുടെ അസൂയയാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നില്‍, ഇത് വെറും വിവരമില്ലായ്മ; മേജര്‍ രവി ആഞ്ഞടിക്കുന്നു!

Webdunia
ബുധന്‍, 16 മാര്‍ച്ച് 2016 (13:03 IST)
പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മേജര്‍ രവി രംഗത്തെത്തി. ‘മേജര്‍ രവിയാല്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു മോഹന്‍ലാല്‍’ എന്ന ബെന്യാമിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുമ്പോഴാണ് ബെന്യാമിനെതിരെ രൂക്ഷമായ ഭാഷയില്‍ മേജര്‍ രവി വിമര്‍ശനമുന്നയിച്ചത്. 
 
‘ആരാണ് ഈ ബെന്യാമിന്‍?’ എന്നാണ് മനോരമയോട് പ്രതികരിക്കവേ മേജര്‍ രവി ചോദ്യം ഉന്നയിച്ചത്. മോഹന്‍ലാല്‍ എന്ന നടന്‍റെ പേര് വലിച്ചിഴച്ചതുകൊണ്ടുമാത്രമാണ് താന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നതെന്നും അല്ലെങ്കില്‍ പ്രതികരിക്കുകയേ ചെയ്യില്ലായിരുന്നു എന്നും രവി പറയുന്നു. ബെന്യാമിന്‍ ആരാണെന്ന് പോലും തനിക്കറിയില്ലെന്നും മേജര്‍ രവി പറയുന്നു.
 
“മോഹന്‍ലാലിന്റെ അടുത്ത് ചെല്ലാനോ അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാനോ കഴിയാത്ത ചില വ്യക്തികളുടെ അസൂയ പ്രകടനമാണ് ബെന്യാമിനെപ്പോലുള്ളവരുടെ വാക്കുകളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. ഇത്തരം പരാമര്‍ശങ്ങളിലൂടെ ഞാനും ലാലും തമ്മിലുള്ള വ്യക്തിബന്ധം തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ജീവിതത്തില്‍ ഒന്നുമാകാത്തവരുടെ അസൂയ ആണ് ഈ പ്രസ്താവനകള്‍. വിവരമില്ലായ്മ എന്നേ ഇതിനെയൊക്കെ പറയാനുള്ളൂ. ഇവരെപ്പോലുള്ളവരുടെ മണ്ടത്തരങ്ങള്‍ കേട്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന നടനല്ല മോഹന്‍ലാല്‍” - മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മേജര്‍ രവി പറയുന്നു. 
 
“വെറുമൊരു സിനിമാബന്ധമല്ല ഞാനും മോഹന്‍ലാലും തമ്മില്‍. ഞാനും ലാലും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവും എനിക്കില്ല. എന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയതെന്നാണ് ഇവരെപ്പോലെയുള്ളവരുടെ വിചാരം. എന്നേക്കാള്‍ അറിവും അനുഭവും ഉള്ള വ്യക്തിയാണ് മോഹന്‍ലാല്‍. എഴുത്തിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനം എനിക്ക് നേരിട്ടറിയാവുന്നതുമാണ്. മോഹന്‍ലാലിനെതിരെ പറഞ്ഞാല്‍ ഞാന്‍ പ്രതികരിച്ചിരിക്കും” - മേജര്‍ രവി വ്യക്തമാക്കുന്നു.

ഉള്ളടക്കത്തിന് കടപ്പാട് - മനോരമ