ബിരിയാണി കഴിച്ച് 6 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയിലായി
വെള്ളി, 14 ജൂണ്‍ 2013 (16:42 IST)
PRO
PRO
പേരൂര്‍ക്കടയ്ക്ക് സമീപമുള്ള ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ ഭക്‍ഷ്യവിഷബാധമൂലം ആശുപത്രിയിലായി. നഗരസഭയുടെ ഭക്‍ഷ്യസുരക്ഷാ വിഭാഗം എത്തി ഹോട്ടല്‍ പൂട്ടിക്കുകയും വീണ്ടും തുറന്ന ഹോട്ടല്‍ വീണ്ടും പൂട്ടിക്കുകയും ചെയ്തു.
നിയമ വിദ്യാര്‍ത്ഥിനികളായ ആറ് പേര്‍ക്ക് പേരൂര്‍ക്കടയ്ക്കടുത്തുള്ള നഥാന്‍ ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ചാണ് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. പരാതിയെ തുടര്‍ന്ന് അധികൃതര്‍ വന്നു ഹോട്ടല്‍ പൂട്ടിച്ചു. എന്നാല്‍ വൈകിട്ടോടെ വീണ്ടും ഹോട്ടല്‍ തുറക്കുകയായിരുന്നു.
ഇതറിഞ്ഞ് എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഹോട്ടലിനു മുന്നില്‍ പ്രതിഷേധം പ്രകടിപ്പിച്ചപ്പോള്‍ നഗരസഭാ അധികൃതര്‍ വീണ്ടും എത്തി രാത്രി ഹോട്ടല്‍ പൂട്ടിച്ചു. ഹോട്ടലുടമയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
ഭക്‍ഷ്യവിഷബാധയേറ്റ ആറു പേരെയും പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രിയിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്.