ബിബിത വധം: കാമുകന് ജീവപര്യന്തം കഠിനതടവ്

Webdunia
വ്യാഴം, 11 ഏപ്രില്‍ 2013 (09:42 IST)
PRO
PRO
പത്തനംതിട്ട നഗരസഭാ മുന്‍ ചെയര്‍മാന്‍ മീരാസാഹിബിന്‍റെ കൊച്ചുമകള്‍ ബിബിത(41)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്കു ജീവപര്യന്തം കഠിനതടവ്‌. ബിബിതയുടെ കാമുകന്‍ പള്ളിമുക്ക് സ്വദേശി ഷെഹനാദിനെയാണ് കുറ്റക്കാരനെന്നു കണ്ടു ജീവപര്യന്തം കഠിനതടവും അയ്യായിരം രൂപ പിഴയും ചുമത്തി പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ ജഡ്ജി (അതിവേഗ കോടതി) കെ ബാബു ഉത്തരവിട്ടത്‌.

പ്രോസിക്യൂഷന്‍ പ്രതിയില്‍ ആരോപിച്ച കൊലപാതകം, ആയുധം ഉപയോഗിച്ച്‌ മുറിവേല്‍പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ്‌ പ്രതിയുടെമേല്‍ ചുമത്തിയിരുന്ന ത്‌. കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതിയുടെ പങ്ക്‌ സംശായാതീതമായി തെളിഞ്ഞിരുന്നു.

ആയുധം ഉപയോഗിച്ച്‌ കൊലപാതകത്തിനു രണ്ടുവര്‍ഷം കഠിനതടവും വീട്ടില്‍ അതിക്രമിച്ചു കയറിയതിനു ഏഴുവര്‍ഷം തടവും അയ്യായിരം രൂപയും പിഴ ചുമത്തിയിട്ടുണ്ട്‌. ശിക്ഷകള്‍ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. പിഴ ഒടുക്കിയില്ലെങ്കില്‍ അധികതടവും അനുഭവിക്കണം.

ബിബിതയുടെ മാതാവ് നസീമയാണ് കേസിലെ ഏക ദൃക്‌‌സാക്ഷി. മകളെ ഷഹനാദ്‌ കൊലപ്പെടുത്തിയതായി ഇവര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഷഹനാദ്‌ തന്നോട്‌ കൊലപാതകം നടത്തിയതായി വീട്ടിലെത്തി സംഭവ ദിവസം പറഞ്ഞിരുന്നതായാണ്‌ സുഹൃത്ത്‌ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പിലും കോടതിയിലും മൊഴിനല്‍കിയിരുന്നു.

അടുത്ത പേജില്‍: വഴിവിട്ട ബന്ധം കൊലപാതകത്തില്‍ എത്തിച്ചു

PRO
PRO
ബിബിതയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്ന ഷഹനാദ്‌ 2011 സെപ്തംബര്‍ 25ന്‌ അര്‍ധരാത്രിയിലാണ്‌ കൊലപാതകം നടത്തിയത്‌. ബിബിതയുമായുണ്ടായ വഴക്കിനൊടുവില്‍ കഴുത്തറുത്ത്‌ കൊലപ്പെടുത്തുകയായിരുന്നു. ബിബിതയ്ക്ക് പലരുമായും അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞാണ് ഷഹനാദ് വഴക്ക് ഉണ്ടാക്കിയത്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ബിബിതയെ വെട്ടിയതിന് ശേഷം സ്വന്തം ബൈക്കില്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസ് തന്നെ പിന്‍‌തുടരുന്നു എന്ന് മനസ്സിലാക്കിയ ഇയാള്‍ തന്റെ മൊബൈല്‍ഫോണും സിം കാര്‍ഡും ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ പിന്‍‌‌തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ പൊലീസ് എ ടി എം കാര്‍ഡ് പിന്തുടര്‍ന്നാണ് ഷെഹനാദിനെ കുടുക്കിയത്. ഇയാള്‍ എവിടെനിന്നുള്ള എ ടി എമ്മില്‍ നിന്നാണ് പണം എടുക്കുന്നതെന്ന വിവരം ബാങ്കുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിനേത്തുടര്‍ന്നാണ് മധുരയില്‍ വച്ച് പൊലീസ് ഷെഹനാദിനെ പിടികൂടിയത്.