ബാര്‍ കോഴക്കേസ്: ബാബുവിനെതിരെ വിജിലന്‍സ് കേസെടുക്കില്ല, നടപടികള്‍ അവസാനിപ്പിച്ചു

ചൊവ്വ, 21 ജൂലൈ 2015 (20:30 IST)
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെ കേസ് എടുക്കില്ല. ബാബുവിനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന അന്വേഷണോദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച എല്ലാ അന്വേഷണ നടപടികളും അവസാനിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
 
വെറും ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനാവില്ലെന്നും ആവശ്യമായ തെളിവുകളില്ലെന്നും അന്വേഷണോദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഡയറക്ടര്‍ അംഗീകരിച്ചിരിക്കുന്നത്.
 
ബാറുടമകളില്‍ നിന്ന് മന്ത്രി കെ ബാബു 10 കോടി രൂപ കോഴ വാങ്ങിയെന്ന ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന്‍റെ ആരോപണമാണ് കേസിന് കാരണമായത്. എന്നാല്‍ അന്വേഷണത്തില്‍, ആരോപണം ഉന്നയിച്ചയാളും സാക്ഷികളും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. പണം നല്‍കിയിട്ടില്ലെന്ന് മറ്റ് സാക്ഷികള്‍ പറഞ്ഞതോടെ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ വിജിലന്‍സ് എത്തുകയായിരുന്നു.
 
സമാനമായ നിലപാടാണ് വിജിലന്‍സ് ധനമന്ത്രി കെ എം മാണിയുടെ കാര്യത്തിലും സ്വീകരിച്ചത്. മാണിക്കെതിരെ കുറ്റപത്രം നല്‍കേണ്ടതില്ലെന്നായിരുന്നു വിജിലന്‍സിന്‍റെ തീരുമാനം.

വെബ്ദുനിയ വായിക്കുക