സംസ്ഥാന എക്സൈസ് മന്ത്രി കെ ബാബുവിനോട് തനിക്ക് യാതൊരുവിധ വ്യക്തിവിരോധവും ഇല്ലെന്ന് ബാര്‍ ഉടമ ബിജു. വ്യക്തിവൈരാഗ്യം കൊണ്ടാണ് തനിക്കെതിരെ ബിജു രമേശ് ആരോപണം ഉന്നയിച്ചതെന്ന് മന്ത്രി ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ബിജു രമേശ് ഇങ്ങനെ പറഞ്ഞത്.
ബാര്‍കോഴ സംബന്ധിച്ച ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് ഇടതുമുന്നണിയുമായി താന്‍ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും ബിജു വ്യക്തമാക്കി. ഒരിക്കല്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ കാണാന്‍ താന്‍ പോയിരുന്നു. ഒരു നേതാവിനെ പോലും താന്‍ ഒറ്റയ്ക്കു കണ്ടിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.
ബാറുടമ ബിനോയിയും ബാബുവും തമ്മില്‍ അവിഹിത ബന്ധമുണ്ട്. ബാബുവുമായി ഇടപാടുകള്‍ നടത്തിയിരുന്നത് ഉണ്ണി, ധനേഷ്, ബിനോയ് എന്നിവരായിരുന്നു. താന്‍ ആരെയും കെണിയില്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു. ബാബു തന്റെ ഓഫീസില്‍ വന്നിട്ടുണ്ടെന്നും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ബിജു രമേശ് വ്യക്തമാക്കി.