ബാര്‍കോഴയുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി കെ ബാബുവിനെതിരായ ആരോപണത്തില്‍ വിജിലന്‍സിന്റെ മൊഴിയെടുക്കല്‍ ഇന്ന് ആരംഭിക്കും. അതേസമയം, തിങ്കളാഴ്ച മൊഴി നല്കാന്‍ ബാര്‍ ഉടമ ബിജു രമേശ് വിജിലന്‍സിന് മുമ്പില്‍ ഹാജരാകില്ല. വ്യക്തിപരമായ അസൗകര്യം മൂലം മൊഴി നല്‍കാനെത്തില്ലെന്ന് ബിജു രമേശ് വിജിലന്‍സിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം, ചൊവ്വാഴ്ച ബിജു രമേശ് വിജിലന്‍സിന് മൊഴി നല്കും. ബാര്‍ ലൈസന്‍സ് തുക വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ മന്ത്രി ബാബുവിന് പത്തുകോടി രൂപ നല്കിയെന്നുള്ള ബിജു രമേശിന്റെ മൊഴി അടിസ്ഥാനമാക്കിയാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്.
ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ പരാമര്‍ശിക്കുന്ന ബാര്‍ ഉടമകളുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക. വിജിലന്‍സ് കൊച്ചി യൂണിറ്റ് ഡി വൈ എസ് പി എം എന്‍ രമേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാറുടമകളുടെ മൊഴി രേഖപ്പെടുത്തുക.