വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്റെ (സിഐടിയു) നേതൃത്വത്തില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ ആഹ്വാനം ചെയ്‌ത പണിമുടക്ക് ജനങ്ങളെ വലച്ചു. കോഴിക്കോട് പണിമുടക്ക് ഏതാണ്ട് പൂര്‍ണമാണ്.
അതേസമയം, സ്വകാര്യ ബസുകള്‍ കുറവായ വയനാട്ടില്‍ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. എന്നാല്‍ കോഴിക്കോട് - തൃശൂര്‍ റൂട്ടില്‍ സമരം പൂര്‍ണമാണെന്ന് പറയാം. വടക്കന്‍ ജില്ലകളായ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നിവടങ്ങളിലും സമരം യാത്രക്കാരെ ദുരിതത്തിലാക്കി. തെക്കന്‍ ജില്ലകളായ തിരുവനന്തപുരത്തും പത്തനംതിട്ടയിലും കൊല്ലത്തും കോട്ടയത്തും കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ വ്യാപകമായി ഉള്ളതിനാല്‍ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല.
കെഎസ്‌ആര്‍ടിസിയിലെ സേവന- വേതന വ്യവസ്ഥകള്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കും നടപ്പാക്കുക, ജോലിക്കിടയില്‍ ഉണ്ടാകുന്ന അക്രമം അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരിക, ദേശസാല്‍ക്കരണത്തിന്റെ ഫലമായി ജോലി നഷ്ടപ്പെടുന്നവരെ കെഎസ്‌ആര്‍ടിസിയില്‍ നിയമിക്കുക, ബസുകളുടെ സമയപട്ടിക ഓരോ കേന്ദ്രത്തിനും നല്‍കി മത്സര ഓട്ടം ഒഴിവാക്കുക, മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) അംഗങ്ങള്‍ പണിമുടക്കുന്നത്. രാവിലെ ആറ് മുതല്‍ രാത്രി ഒന്‍പത് വരെയാണു പണിമുടക്ക്.