ബസുകള്‍ തകര്‍ത്തു, മന്ത്രി ഗണേശിനെതിരെ പരാതി

Webdunia
വ്യാഴം, 16 ഫെബ്രുവരി 2012 (16:21 IST)
കേരള കോണ്‍ഗ്രസ്‌(ബി) സംസ്ഥാന നേതാവ് മനോജിന്‍റെ ഉടമസ്ഥതയിലുള്ള ശരണ്യ മോട്ടോഴ്സിന്‍റെ ആറ്‌ ബസുകള്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ മന്ത്രി കെ ബി ഗണേശ്കുമാറാണെന്ന് ആരോപിച്ച് മനോജ് പൊലീസില്‍ പരാതി നല്‍കി.

പത്തനാപുരത്തും കോന്നിയിലുമാണ് ശരണ്യ ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. യാത്രക്കാരുമായി സാര്‍വീസ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് മനോജ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്.

ഗണേശ്കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ആക്രമണം നടന്നതെന്നാണ് പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ പറയുന്നത്.

ഗണേശിന്‍റെ പേഴ്സണല്‍ അസിസ്റ്റന്‍റായ പ്രദീപിനെ ബുധനാഴ്ച ആര്‍ ബാലകൃഷ്ണപിള്ള മര്‍ദ്ദിച്ചിരുന്നു.