ബസിലെ കൂട്ടക്കൊല: പിന്നില്‍ ആട് ആന്‍റണി?

Webdunia
വെള്ളി, 27 ജൂലൈ 2012 (11:11 IST)
PRO
ആന്ധ്രാപ്രദേശില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന ബസില്‍ മൂന്നുപേരെ അജ്ഞാതന്‍ കുത്തിക്കൊന്നു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന് ശേഷം കൊലയാളി ഓടി രക്ഷപ്പെട്ടു. പൊലീസുകാരനെ കൊന്ന ശേഷം കേരളത്തില്‍ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിയെയും ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സംശയിക്കുന്നു.

ആന്ധ്ര സ്വദേശികളായ ഉത്‌പല നിരഞ്ജന്‍(36), കോരാപ്പട്ടി രാം‌ബാബു(50), ഒഡീഷയിലെ മല്‍ക്കാം‌ഗിരി സ്വദേശിയായ അജയ് ബിശ്വാസ്(25) എന്നിവരാണ് മരിച്ചത്. ചെന്നൈ ടി സി എസ് കമ്പനിയില്‍ സോഫ്റ്റുവെയര്‍ എഞ്ചിനീയറായ ജുവ്വാല രമേഷിന് (30) പരുക്കേറ്റു.

ആന്ധ്ര - തമിഴ്നാട് അതിര്‍ത്തിയില്‍, നെല്ലൂര്‍ ജില്ലയിലെ തടയില്‍, വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്കായിരുന്നു സംഭവം. സഹയാത്രക്കാരായ നാലുപേരെ കുത്തിവീഴ്ത്തിയ ശേഷം യുവാവ് രക്ഷപ്പെടുകയായിരുന്നു. ജുവ്വാല രമേഷിന്‍റെ അലര്‍ച്ച കേട്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തി ലൈറ്റ് ഇട്ടപ്പോഴാണ് അക്രമി ബസില്‍ നിന്ന് ഓടിയിറങ്ങി ഇരുട്ടില്‍ മറഞ്ഞത്. അലര്‍ച്ചയും ബഹളവും കേട്ട് യാത്രക്കാരും ഉണര്‍ന്നു. അവര്‍ക്കും അക്രമിയെക്കുറിച്ച് കൃത്യമായ വിവരമില്ല.

കൊലയാളി മലയാളം സംസാരിച്ചു എന്നതാണ് കൊലയ്ക്ക് പിന്നില്‍ ആട് ആന്‍റണിയാണോ എന്ന് സംശയിക്കാന്‍ കാരണം. ആന്‍റണി ഇപ്പോള്‍ ആന്ധ്രയിലെവിടെയോ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ പൊലീസ് ആട് ആന്‍റണിയുടെ ഫോട്ടോ ബസ് യാത്രക്കാരെ കാണിച്ചെങ്കിലും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

മനോരോഗിയായ ഒരു കൊലയാളി, സാമ്പയ്യ, അടുത്തിടെ ഈ മേഖലയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഒട്ടേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലും ഉറങ്ങിക്കിടന്നവരെ കൊലപ്പെടുത്തിയ കേസിലും സാമ്പയ്യ പ്രതിയാണ്. ഇയാളാണോ ഈ സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്.

ആട് ആന്‍റണിക്ക് ഈ സംഭവത്തില്‍ പങ്കുണ്ടോ എന്നറിയാനായി കേരള പൊലീസിലെ ഒരു സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.