ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തും: കാരാട്ട്

Webdunia
ശനി, 27 ഫെബ്രുവരി 2010 (16:41 IST)
PRO
കേന്ദ്ര ബജറ്റിലെ നിര്‍ദേശങ്ങള്‍ക്കെതിരെ മതേതര പാര്‍ട്ടികളുമായി യോജിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി പി എം അഖിലേന്ത്യ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കര്‍ഷകരെ ദ്രോഹിക്കുന്ന നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാളില്‍ ഇ എം എസ് ജന്മ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായുള്ള അനുസ്മരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 12ന് ഡല്‍ഹിയില്‍ കര്‍ഷകരെയും പൊതുജനങ്ങളെയും തൊഴില്‍രഹിതരായ യുവാക്കളെയും പങ്കെടുപ്പിച്ച് കൊണ്ട് ബഹുജനറാലി സംഘടിപ്പിക്കുമെന്ന് കാരാട്ട് പറഞ്ഞു.

കേന്ദ്ര ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ ഇരുപത് ശതമാനത്തോളം ഭക്‍ഷ്യ വില വര്‍ദ്ധനയ്ക്ക് കാരണമാകുമെന്ന് കാരാട്ട് അഭിപ്രായപ്പെട്ടു. പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിന് ബജറ്റ് നിര്‍ദേശങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.