സംസ്ഥാനത്ത് വിദഗ്ദ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിന് വെബ്സൈറ്റ് തുടങ്ങുമെന്ന് ധനമന്ത്രി കെ എം മാണി. ബജറ്റ് അവതരണവേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിനായി കാര്‍ഷിക കര്‍മസേനയും രൂപീകരിക്കുമെന്നും മാണി അറിയിച്ചു.
മൊബൈല്‍ ഫോണ്‍ വഴിയോ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയോ വിദഗ്ദ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കാന്‍ ഈ വെബ്സൈറ്റ് സഹായകമാകും. ഇതിനായി അക്ഷയ സെന്ററുകളുടെ സേവനം വിനിയോഗിക്കുമെന്നും മാണി അറിയിച്ചു.
വിവിധ പെന്‍ഷനുകള്‍ക്കാണ് മാണി ബജറ്റ് സമ്മേളനത്തില്‍ ഒറ്റയടിക്ക് വര്‍ദ്ധനവ് വരുത്തിയത്. ക്ഷേമപെന്‍ഷനുകളെല്ലാം തന്നെ വര്‍ദ്ധിപ്പിച്ചു. വിധവാ പെന്‍ഷന്‍, കര്‍ഷകതൊഴിലാളി പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ തുടങ്ങിയ എല്ലാത്തിനും ബജറ്റില്‍ വര്‍ദ്ധനവുണ്ട്.
സൌരോര്‍ജ്ജ പദ്ധതികള്‍ വ്യാപിപ്പിക്കാന്‍ 15 കോടി രൂപ വകയിരുത്തി. സമഗ്രകാര്‍ഷിക ഇന്‍ഷുറന്‍സിന്20 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി വ്യക്തമാക്കി.