ഫ്ലാറ്റിന്റെ ഒമ്പതാംനിലയില്‍ നിന്നും വീണ് വിദ്യാര്‍ഥിനി മരിച്ചു

വെള്ളി, 22 നവം‌ബര്‍ 2013 (11:45 IST)
PRO
കൊച്ചിയില്‍ ഫ്‌ളാറ്റിലെ ഒന്‍പതാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു വീണു വിദ്യാര്‍ഥിനി മരിച്ചു. തമ്മനം-കതൃക്കടവ് റോഡില്‍ കാരണക്കോടം ഡിഡി നെസ്റ്റ് 9എച്ചില്‍ താമസിക്കുന്ന പത്തനാപുരം സ്വദേശി അബ്ദുള്‍ കരീമിന്റെയും ജാസ്മിന്റെയും മകള്‍ ദയ (നാലര വയസ്) ആണു മരിച്ചത്.

കടവന്ത്ര സാം കിഡ്‌സ് വിദ്യാര്‍ഥിനിയാണ്. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു ദുരന്തം. അമ്മ മൂത്തമകള്‍ ന ദിയയെ സ്‌കൂള്‍ ബസില്‍ കയറ്റി വിടുന്നതിനു പുറത്തു പോയ സമയത്താണ് അപകടം.

മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന ദയ എഴുന്നേറ്റ ശേഷം വാതില്‍ തുറന്നു ബാല്‍ക്കണിയില്‍ എത്തി. സഹോദരിയെ യാത്രയാക്കാന്‍ ബാല്‍ക്കണിയില്‍ വന്നുനിന്നപ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നുവെന്ന് കരുതുന്നു.

പാര്‍ക്കിംഗ് ഏരിയയില്‍ വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. നോര്‍ത്ത് പൊലീസ് കേസെടുത്തു.

വെബ്ദുനിയ വായിക്കുക