ഫോണ്‍വിളിയില്‍ മുമ്പന്‍ മുഖ്യമന്ത്രി; ഫോണ്‍ ബില്‍ 4.34 ലക്ഷം!

Webdunia
ചൊവ്വ, 18 ജൂണ്‍ 2013 (17:10 IST)
PRO
PRO
ഫോണ്‍ വിളിയില്‍ മുമ്പന്‍ മുഖ്യമന്ത്രിയാണെന്ന് നിയമസഭാരേഖ. സോളാര്‍ തട്ടിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇളക്കി മറിച്ചപ്പോഴും സ്വന്തമായി മൊബൈല്‍ ഫോണില്ലെന്നായിരുന്നു ഉമ്മന്‍‌ചാണ്ടിയുടെ മറുപടി. എന്നാല്‍ മന്ത്രിസഭയില്‍ ഫോണ്‍ വിളികള്‍ക്കായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നിയമസഭക്ക് മുമ്പാകെ സമര്‍പ്പിച്ച രേഖയിലാണ് ഫോണ്‍വിളിയില്‍ മുമ്പന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് വ്യക്തമാക്കുന്നത്. മൊബൈല്‍ ഫോണ്‍ അടക്കം ഓഫീസിലും ഔദ്യോഗിക വസതിയിലുമായി 4.34 ലക്ഷത്തിലേറെയാണ് ഉമ്മന്‍ചാണ്ടിയുടെ ഫോണ്‍ ബില്‍. മന്ത്രിമാരുടേയും ചീഫ് വിപ്പിന്റേയും ഫോണ്‍ ചാര്‍ജ്ജിനെക്കുറിച്ചുള്ള ഇടതുപക്ഷ എംഎല്‍എ കോലിയക്കോട് രാധാകൃഷ്ണന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഫോണ്‍ ബില്ലിന്റെ വിശദാംശങ്ങള്‍ നല്‍കിയത്. മെയ് 17ന് നിയമസഭയില്‍ രേഖാമൂലം മുഖ്യമന്ത്രി തന്നെയാണ് ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2013 ഏപ്രില്‍ വരെയുള്ള ഫോണ്‍ ബില്ലിന്റെ വിശദാംശങ്ങളാണ് രേഖയിലുള്ളത്.

ഒന്നാം സ്ഥാനത്തുള്ള മുഖ്യമന്ത്രിയുടെ ഫോണ്‍ ബില്ല് 4,34,764 രൂപയാണ്. രണ്ടാമതുള്ള സാമൂഹ്യക്ഷേമ മന്ത്രി എംകെമുനീറിനേക്കാള്‍ 90,000 രൂപയോളം(3,45,171) കൂടുതലാണ് ഉമ്മന്‍ചാണ്ടിയുടെ ബില്ല്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണ്‍ ബില്ല് 2,96,761 രൂപയും വീട്ടിലെ ബില്ല് 1,12,729 രൂപയുമാണ്. സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജാണ് ഫോണ്‍ വിളിയില്‍ ഏറ്റവും പിന്നില്‍. 63,581 രൂപയാണ് പിസിയുടെ ഫോണ്‍ ബില്‍. ഫോണ്‍ ബില്ലിനൊപ്പം അതിഥി സല്‍ക്കാരത്തിലും മുഖ്യമന്ത്രി തന്നെയാണ് മുന്നില്‍. 5.50 ലക്ഷത്തിലേറെയാണ് മുഖ്യമന്ത്രി അതിഥിസല്‍ക്കാരത്തിനായി ചെലവാക്കിയത്.