ഫസല്‍ വധം: കാരായി രാജനും കാരായി ചന്ദ്രശേഖരനും കീഴടങ്ങി

വെള്ളി, 22 ജൂണ്‍ 2012 (15:45 IST)
PRO
PRO
ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും എറണാകുളം സി ജെ എം കോടതിയില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്‌റ്റ് വാറണ്ട്‌ പുറപ്പെടുവിച്ചിരുന്നു. കേസില്‍ ഏഴും എട്ടും പ്രതികളായ ഇരുവരും സിബിഐ നോട്ടീസ്‌ നല്‍കിയിട്ടും ചോദ്യം ചെയ്യലിന്‌ ഹാജരായിരുന്നില്ല.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗമാണ് കാരായി രാജന്‍. കാരായി ചന്ദ്രശേഖരന്‍ തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ്. ഇവരെ സിബിഐയ്‌ക്ക് വിട്ടുനല്‍കില്ലെന്ന്‌ കണ്ണൂരിലെ സിപിഎം നേതൃത്വം വ്യക്‌തമാക്കിയ സാഹചര്യത്തിലാണ്‌ അറസ്‌റ്റ് വാറണ്ട്‌ പുറപ്പെടുവിക്കണമെന്ന്‌ ആവശ്യവുമായി സിബിഐ കോടതിയെ സമീപിച്ചത്‌. തുടര്‍ന്ന് കോടതി ഇവര്‍ക്കെതിരെ അറസ്റ്റ് വാറാണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ കോടതിയില്‍ ഹാജരായത്.

2006 ഒക്ടോബര്‍ 22 ന്‌ പുലര്‍ച്ചെയാണ്‌ എന്‍ ഡി എഫ് പ്രവര്‍ത്തകനായ മുഹമ്മദ്‌ ഫസല്‍ (35) തലശേരി മാടപ്പീടികയ്ക്ക്‌ സമീപം വെച്ച്‌ വെട്ടേറ്റു മരിച്ചത്‌. സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസുകാരാണെന്നായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. സി ബി ഐ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ സി പി എം ആണെന്ന് കണ്ടെത്തിയത്.

ഫസലിന്റെ ഭാര്യയുടെ ഹര്‍ജിയെ തുടര്‍ന്ന്‌ ഹൈക്കോടതി ഉത്തരവനുസരിച്ചാണ്‌ കേസ്‌ സിബിഐ ഏറ്റെടുത്തത്‌. ഫസല്‍ സി പി എം വിട്ട്‌ എന്‍ഡിഎഫിലേക്ക്‌ മാറിയതാണ്‌ കൊലപാതകത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക