പ്രശസ്ത ചലച്ചിത്രനടന്‍ മാള അരവിന്ദന്‍ അന്തരിച്ചു

Webdunia
ബുധന്‍, 28 ജനുവരി 2015 (07:55 IST)
പ്രശസ്ത ചലച്ചിത്ര നടന്‍ മാള അരവിന്ദന്‍ അന്തരിച്ചു. 76 വയസ്സ് ആയിരുന്നു, കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ ആയിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ 19നാണ് മാള അരവിന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം രണ്ടു തവണ ഹൃദയാഘാതം ഉണ്ടായിരുന്നു. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രിയോടെ നില അതീവ ഗുരുതരാവസ്ഥയില്‍ ആകുകയും ഇന്നു രാവിലെ ആറരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. മൃതദേഹം സ്വദേശമായ മാളയിലേക്ക് എത്തിക്കും.
 
1968ല്‍ അഭിനയിച്ച സിന്ദൂരം എന്ന ചിത്രമാണ് മാള അരവിന്ദന്റെ ആദ്യചിത്രം. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ‘നൂല്‍പ്പാലം’ എന്ന സിനിമയില്‍ ആണ് അവസാനം അഭിനയിച്ചത്. റിലീസ് ചെയ്യാനിരിക്കുന്ന നെല്ലിക്ക, പാതിരക്കാറ്റ് എന്നീ ചിത്രങ്ങളിലും അവസാന കാലഘട്ടത്തില്‍ അഭിനയിച്ചിരുന്നു.
 
തബല വാദകനായാണ് കലാജീവിതം തുടങ്ങിയത്. നാലു പതിറ്റാണ്ടു കാലം അഭിനയജീവിതത്തില്‍ നിറഞ്ഞുനിന്ന നടനായിരുന്നു മാള അരവിന്ദന്‍ .