പ്രവീണ്‍ വധക്കേസ്: മുന്‍ ഡിവൈഎസ്പി ഷാജിയുടെ ശിക്ഷ ശരിവച്ചു
തിങ്കള്‍, 4 ഫെബ്രുവരി 2013 (11:30 IST)
PRO
പ്രവീണ്‍ വധക്കേസില്‍ മുന്‍ ഡിവൈഎസ്പിയായിരുന്ന ആര്‍ ഷാജിയുടെ ജീവപര്യന്തം തടവുശിക്ഷ സുപ്രീം കോടതി ശരിവച്ചു. ശിക്ഷ റദ്ദാക്കണെമെന്നാവശ്യപ്പെട്ട് ഷാജി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഷാജിയുടെ വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രവീണ്‍ വധക്കേസില്‍ ഷാജിക്ക് വിചാരണ കോടതിയായ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഷാജിക്കും രണ്ടാംപ്രതിയായ ബിനുവിനും ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇത് ചോദ്യം ചെയ്ത് ഷാജി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി മുന്‍പ് തള്ളിയിരുന്നു.
തന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ ഷാജി സഹായികളുമായി ചേര്‍ന്ന് ഷാജിയുടെ തന്നെ ഉടമസ്ഥതയിലുള്ള ബസിലെ ജീവനക്കാരനായ പ്രവീണിനെ കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കി തണ്ണീര്‍മുക്കം ബണ്ടുള്‍പ്പടെയുള്ള ഭാഗങ്ങളില്‍ ഉപേക്ഷിച്ചുവെന്നാണ് കേസ്.
കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 2005 ഫെബ്രുവരി 15നാണ് പ്രവീണ്‍ കൊല്ലപ്പെടുന്നത്.
തടവുശിക്ഷ അനുഭവിച്ചുവരുന്നതിനിടെ ഷാജി സമര്‍പ്പിച്ച പ്രത്യേക ജാമ്യഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനാലാണ് ജാമ്യം ലഭിച്ചത്. വാദവുമായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ സമീപിച്ചതോടെ സുപ്രീം കോടതി ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു.