പ്രമേയം ചട്ടവിരുദ്ധം - ആര്യാടന്‍

Webdunia
ശനി, 12 ജൂലൈ 2008 (14:38 IST)
PRDPRD
ഇന്ത്യ-അമേരിക്ക ആണവക്കരാറിനെതിരെ കേരളസര്‍ക്കര്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയത് ചട്ടവിരുദ്ധമായാണെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് അവഗണിച്ച് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത് തെറ്റായ കീഴ്വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആര്യാടന്‍ മുഹമ്മദ്. പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ മാത്രം കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒരു അന്താരാഷ്ടക്കരാറിനെക്കുറിച്ച് പ്രമേയം അവതരിപ്പിക്കാന്‍ ചട്ടം അനുവദിക്കുന്നില്ല.

ചട്ടം 119 ബി, 119 ഡി എന്നിവയ്ക്കു പുറമേ ഭരണഘടന ഏഴാം പട്ടികയിലെ 10, 11, 13, 14 വകുപ്പുകള്‍ അനുസരിച്ചും പ്രമേയത്തിനു സാധുതയില്ല. ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. കരാറില്‍ ഒപ്പിട്ടാല്‍ ഇന്ത്യ അമേരിക്കയുടെ സഖ്യകക്ഷിയാകുമെന്നത് ഊഹാപോഹം മാത്രമാണ്.

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിച്ച പ്രമേയം നിലനില്‍ക്കുന്നതല്ല. ഏഴാം ക്ലാസിലെ വിവാദ പാഠപുസ്തകത്തിനെതിരെ കല്‍പ്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കിയത് പോലെയാണ് കേരള നിയമസഭ ആണവക്കരാറിനെക്കുറിച്ചും പ്രമേയം പാസാക്കിയത്. പഞ്ചായത്തുകള്‍ക്ക് പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് കുറച്ചുകൂടി അധികാരമുണ്ട്.

എന്നാല്‍ നിയമസഭകള്‍ക്ക് അതില്ല. കല്‍‌പ്പകഞ്ചേരി പഞ്ചായത്ത് പ്രമേയം പാസാക്കിയത് തെറ്റായ നടപടിയെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ അതിനെക്കാള്‍ തെറ്റായ ഒന്നാണ് ആണവക്കരാറിനെതിരെയുള്ള പ്രമേയം. പ്രമേയത്തിന് താനടക്കം അഞ്ച് പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാരിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി സ്പീക്കര്‍ അനുമതി നല്‍കിയതാണ്. ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്കെതിരെ സഭയില്‍ ബഹളമുണ്ടായപ്പോള്‍ ഇരുവിഭാഗത്തെയും വിളിച്ച് സ്പീക്കര്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നുവെന്നും ആര്യാടന്‍ പറഞ്ഞു.