പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഔദാര്യം വേണ്ട: പിണറായി

Webdunia
വെള്ളി, 3 ഏപ്രില്‍ 2009 (18:20 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഔദാര്യം സി പി എമ്മിന്‌ വേണ്ടെന്ന്‌ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

ഇത്തവണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 18 മണ്ഡലങ്ങളില്‍ യു ഡി എഫിനെ പിന്തുണയ്ക്കുമെന്നും, എറണാകുളത്തും തിരുവനന്തപുരത്തും യു ഡി എഫിന് എതിരാ‍യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും എന്ന് പോപ്പുലര്‍ ഫ്രണ്ട് ഇന്ന് അറിയിച്ചിരുന്നു.

സി പി എമ്മിനെ തോല്പിക്കുക എന്നതാണ് അന്തിമ ലക്‌ഷ്യമെന്നും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം വ്യക്തമാക്കിയിരുന്നു. അതേസമയം, പോപ്പുലര്‍ ഫ്രണ്ട് പിന്തുണ പ്രഖ്യാപിച്ചത് യു ഡി എഫിനുള്ളില്‍ തന്നെ ചില അസ്വാരസ്യങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചത് ഒരര്‍ത്ഥത്തില്‍ തങ്ങള്‍ക്ക് സഹായകമാകുമെന്നാണ് സി പി എം വിലയിരുത്തുന്നത്. പി ഡി പി ബന്ധത്തിനെതിരെയുള്ള യു ഡി എഫിന്‍റെ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കാന്‍ ഇക്കാര്യം വഴി കഴിഞ്ഞേക്കും. ആരാണ് വര്‍ഗീയ പാര്‍ട്ടി എന്ന വിഷയത്തിന്‍മേലുള്ള വാദപ്രതിവാദങ്ങള്‍ കേരളരാഷ്ട്രീയത്തില്‍ ചൂടുപിടിക്കുമെന്ന് ഉറപ്പ്.