പൊന്നമ്പലമേട് സംഭവം അന്വേഷിക്കും - സുധാകരന്‍

Webdunia
തിങ്കള്‍, 18 ഫെബ്രുവരി 2008 (14:53 IST)
KBJWD
പൊന്നമ്പലമേട്ടില്‍ വിദേശികളടക്കമുള്ള സംഘം പൂജ നടത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡോ മറ്റാരെങ്കിലുമോ ഈ വിഷയത്തെക്കുറിച്ച് സര്‍ക്കാരിനോ ദേവസ്വം വകുപ്പിനോ പരാതി നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുവാദത്തോടെയാണ് സംഘം പൊന്നമ്പലമേട്ടില്‍ എത്തിയെന്നാണ് വാര്‍ത്ത. അവരെ ഇവിടത്തെ ഉദ്യോഗസ്ഥന്മാരും സഹായിച്ചു.

സാധാരണ രീതിയില്‍ ആരും കടന്ന് ചെല്ലുന്ന ഒരു സ്ഥലമല്ല പൊന്നമ്പലമേട്. ആ ഭാഗം മുഴുവനും ദേവസ്വം ബോര്‍ഡിന്‍റെ നിയന്ത്രണത്തിലാണ്. എന്നാല്‍ ഇതുസംബന്ധിച്ച് ദേവസ്വം ബോര്‍ഡ് തന്നെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സര്‍ക്കാരിന് ഒരു പ്രയാസവുമില്ലെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.

ഈ മാസം പതിനഞ്ചിനാണ് വിദേശികളടങ്ങുന്ന 55 അംഗ സംഘം പൊന്നമ്പലമേട് സന്ദര്‍ശിച്ചത്. ദേവസ്വം, വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിച്ചാണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. ഇവരിവിടെ ഗണപതിയുടെ പഞ്ചലോഹ വിഗ്രഹം വച്ച് പൂജകള്‍ നടത്തി.

ശബരിമലയില്‍ മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടില്‍ അത്യപൂര്‍വ്വമായി മാത്രമേ മനുഷ്യര്‍ പ്രവേശിക്കൂ. ഇവിടം സംരക്ഷിതമേഖലയാണ്.