പെരുന്നയില്‍ പോയി വിവരം ചികയേണ്ട കാര്യമൊന്നുമില്ല: തിരുവഞ്ചൂര്‍

Webdunia
വെള്ളി, 24 മെയ് 2013 (12:24 IST)
PRO
എന്‍ എസ്‌ എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തി എന്ന ആരോപണത്തേക്കുറിച്ച് അന്വേഷിക്കാന്‍ പെരുന്നയില്‍ പോയി വിവരം ചികയേണ്ട കാര്യമൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സുകുമാരന്‍ നായര്‍ ഈ വിഷയത്തില്‍ രേഖാമൂലം പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

അന്വേഷണോദ്യോഗസ്‌ഥര്‍ പെരുന്നയില്‍ പോയി വിവരം ശേഖരിച്ചിട്ടില്ല. ഇതേപ്പറ്റി അന്വേഷിക്കാന്‍ പെരുന്നയില്‍ പോയി വിവരം ചികയേണ്ട കാര്യമൊന്നുമില്ല. അല്ലാതെ തന്നെ വിവരങ്ങള്‍ അറിയാനാകും. അന്വേഷണ റിപ്പോര്‍ട്ട്‌ വന്ന ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാം - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, ഫോണ്‍ ചോര്‍ത്തുന്നു എന്ന സുകുമാരന്‍ നായരുടെ ആരോപണം ഊമക്കത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഒരു മുതിര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥന്‍ എഴുതുന്ന രീതിയിലുള്ള കത്താണ് സുകുമാരന്‍ നായര്‍ക്ക് ലഭിച്ചത്.

കത്ത് ലഭിച്ചപ്പോള്‍ തന്നെ ആ വിവരം സുകുമാരന്‍ നായര്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും അറിയിച്ചിരുന്നു. ഊമക്കത്തിന്‍റെ അടിസ്ഥാനത്തിലല്ല, വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഫോണ്‍ ചോര്‍ത്തുന്നതായി വെളിപ്പെടുത്തിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. എന്തായാലും ഈ വിഷയത്തില്‍ ഇപ്പോള്‍ കൂടുതലൊന്നും പറയാനില്ല എന്നും അദ്ദേഹം പ്രതികരിച്ചു.