പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ആലോചിച്ചിട്ടില്ല: മുഖ്യമന്ത്രി

Webdunia
വ്യാഴം, 26 ഫെബ്രുവരി 2009 (09:40 IST)
PROPRO
പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് കേരള പബ്ലിക്ക് എക്‌സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

പെന്‍ഷന്‍ പ്രായം ആദ്യം 55ല്‍ നിന്ന് 58 ആയും പിന്നീട് 60 ആയും ഉയര്‍ത്തണമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്. ഡോ. കെ കെ സുബ്രഹ്‌മണ്യന്‍ ചെയര്‍മാനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്ക് ആയിരുന്നു നിയമസഭയില്‍ വച്ചത്.

സര്‍വീസില്‍ നിന്ന്‌ 55 വയസില്‍ വിരമിച്ചാലും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനമായതിനാല്‍ വര്‍ഷങ്ങളോളം പെന്‍ഷന്‍ നല്‍കേണ്ടി വരുന്നു. അതുകൊണ്ട്, കര്‍മശേഷി പരമാവധി പ്രയോജനപ്പെടുത്താന്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതാണ് നല്ലതെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.