മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. പെണ്‍കുട്ടികള്‍ വഴി പിഴയ്ക്കാതിരിക്കാന്‍ വിവാഹ പ്രായം 16 ആക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച സര്‍ക്കുലറിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പതിനാറാം വയസിലേത് ശൈശവ വിവാഹം അല്ല. വിവാഹ പ്രായം 16 ആക്കി ഇതര മതസ്ഥരും മാതൃകയാകണമെന്നും അദ്ദേഹം വ്യക്തമാക്കി.മുസ്ലിം സമുദായത്തിലെ ശൈശവ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചുകൊണ്ടുള്ള വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിനു പിന്നാലെയാണു കാന്തപുരം കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ പ്രതികരണം.
18 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടേയും 21 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടേയും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചശേഷം സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ പറയുന്നത്. വിവാഹ പ്രായം സംബന്ധിച്ചു നിയമ സെക്രട്ടറി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
2006- ലെ ശൈശവ വിവാഹ നിരോധന നിയമത്തെ അപ്രസക്തമാക്കി 1957-ലെ ഇല്ലാത്ത മുസ്‌ലിം വ്യക്തി നിയമം ചൂണ്ടിക്കാട്ടിയാണ് 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെയും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചുകൊണ്ടുള്ള വിവാദ സര്‍ക്കുലര്‍ തദ്ദേശസ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചത്.
1957- ലെ മുസ്‌ലിം വ്യക്തിനിയമം എന്നൊന്ന് ഇന്ത്യയില്‍ നിലവിലില്ലെന്നും ഇന്റര്‍നെറ്റില്‍ കണ്ട ജമൈക്കയിലെ നിയമം ഇന്ത്യയിലേതാണെന്ന് തെറ്റിദ്ധരിച്ചാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നുമായിരുന്നു വിശദീകരണം.