പുനഃസംഘടന കൊണ്ട് പ്രശ്നം തീര്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി കരുതേണ്ട: പിണറായി

വ്യാഴം, 25 ജൂലൈ 2013 (17:16 IST)
PRO
പുനഃസംഘടന കൊണ്ട് പ്രശ്നങ്ങള്‍ തീര്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കരുതേണ്ടെന്ന് പിണറായി വിജയന്‍. ഉമ്മന്‍‌ചാ‍ണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയും വരെ സമരം തുടരുമെന്ന് പിണറായി വിജയന്‍ അറിയിച്ചു.

കോഴിക്കോട് രാപ്പകല്‍ സമരത്തിന്റെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് പിണറായി വിജയന്‍ തുറന്നടിച്ചത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ മുഖ്യമന്ത്രി അവിശ്വസിക്കുകയാണ്. പി സി ജോര്‍ജും താനുമായി ചര്‍ച്ച നടത്തിയെന്ന് ഉമ്മന്‍ചാണ്ടിയുടെ ആളുകള്‍ പറഞ്ഞത് ഇതിന്റെ ഭാഗമാണ്. മാണിയെ നേരെ കൊണ്ടുവരാന്‍ തങ്ങളെ ഉപയോഗിക്കേണ്ടെന്നും പിണറായി പറഞ്ഞു.

സര്‍ക്കാരിനെ താഴെയിറക്കുവാന്‍ പ്രതിപക്ഷം വലിയ സമരമുറകളാണ് തിരുവനന്തപുരത്ത് നടത്തുന്നത്. രാപ്പകല്‍ സമരത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്.

രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചുവരികയാണ്. രമേശും ഉമ്മന്‍ചാണ്ടിയും ഈയാഴ്ച ഡല്‍ഹിയിലേക്ക് പോകുന്നുണ്ട്. എല്ലാ പ്രശ്നങ്ങളും ഹൈക്കമാന്‍ഡ് പരിഹരിക്കുമെന്നാണ് ഉമ്മന്‍ചാണ്ടി അറിയിച്ചിരിക്കുന്നത്. എന്നാല്‍ സോളാര്‍ വിവാദം പോലെ, ജനങ്ങളെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന ഒരു പ്രശ്നത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്ത് പരിഹാരമാണ് നിര്‍ദ്ദേശിക്കാന്‍ പോകുന്നതെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

വെബ്ദുനിയ വായിക്കുക