തന്‍റെ മണ്ഡലമായ പുതുപ്പള്ളിയില്‍ ഇത്തവണ ആരായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് ഹൈക്കമാന്‍ഡ് തീരുമാനം വരും വരെ പറയാനാകില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ മന്ത്രിസഭയെ ആരു നയിക്കുമെന്ന കാര്യവും പറയാനാവില്ല. എന്നാല്‍ താന്‍ സ്ഥാനാര്‍ഥിയാകുമോയെന്ന കാര്യത്തില്‍ ആര്‍ക്കും ആശയക്കുഴപ്പം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“ഞാന്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമൊന്നും വേണ്ടാ. എന്നാല്‍ ഹൈക്കമാന്‍ഡിന്‍റെ തീരുമാനം വരും വരെ പുതുപ്പള്ളി സീറ്റില്‍ ആരു മല്‍സരിക്കുമെന്ന് പറയാനാവില്ല. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ മന്ത്രിസഭയെ ആരുനയിക്കും എന്നും ഇപ്പോള്‍ പറയാനാകില്ല. എം എല്‍ എമാരും ഹൈക്കമാന്‍ഡും ചേര്‍ന്നായിരിക്കും നേതാവിനെ തീരുമാനിക്കുക.” - ഉമ്മന്‍ചാണ്ടി പറഞ്ഞു.
“യു ഡി എഫില്‍ സീറ്റ് നിര്‍ണയത്തിന്‍റെ കാര്യത്തിലോ നേതാവിനെ തീരുമാനിക്കുന്നതിന്‍റെ കാര്യത്തിലോ ഇതുവരെ അഭിപ്രായ വ്യത്യാസമില്ല. ഇനി അഭിപ്രായവ്യത്യാസം ഉണ്ടാകുകയുമില്ല. പാമൊലിന്‍ കേസില്‍ എന്‍റെ പേര് ഇതുവരെ ആരും പറഞ്ഞിരുന്നില്ല. ആ കേസ് വന്നിട്ട് 20 വര്‍ഷമായി. ഇത്രയും കാലം എന്‍റെ പേര് പറയാതിരുന്നതിന്‍റെ കാരണം സര്‍ക്കാര്‍ തുറന്നുപറയണം.” - ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
“പാമൊലിന്‍ കേസില്‍ ഇടതുമുന്നണി എനിക്കെതിരെ രാഷ്ട്രീയമായി ആരോപണം ഉന്നയിക്കുകയാണ്. തെളിവുണ്ടെങ്കില്‍ എനിക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ മടിക്കേണ്ടതില്ല” - ഉമ്മന്‍ചാണ്ടി വെല്ലുവിളിച്ചു.