പി ജെ കുര്യനെ കണ്ടിട്ടില്ല; പറഞ്ഞത് മദ്യലഹരിയിലെന്ന് ധര്‍മരാജന്‍

Webdunia
ബുധന്‍, 29 മെയ് 2013 (13:08 IST)
PRO
സൂര്യനെല്ലി പീഡന കേസിലെ മൂന്നാം പ്രതിയായ ധര്‍മ്മരാജന്‍ മൊഴി മാറ്റി. താന്‍ മദ്യലഹരിയിലാണ്‌ അത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയതെന്നും ടിവിയിലൂടെ മാത്രമാണ് കുര്യനെ കണ്ടിട്ടുള്ളതെന്നുമാണ് ധര്‍മരാജന്‍ കോടതിയില്‍ പറഞ്ഞത്.

തൊടുപുഴ സെഷന്‍സ്‌ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ്‌ മൊഴി ഇയാള്‍ മാറ്റിപ്പറഞ്ഞത്‌. കുമളി ഗസ്റ്റ് ഹൌസില്‍ വച്ച്‌ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി ജെ കുര്യനെ കണ്ടുവെന്നായിരുന്നു ധര്‍മ്മരാജന്‍ നേരത്തെ വെളിപ്പെടുത്തിയത്‌.

താന്‍ മദ്യലഹരിയിലാണ്‌ അത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയതെന്ന് തൊടുപുഴ സെഷന്‍സ്‌ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ധര്‍മ്മരാജന്‍ പറഞ്ഞു. ടെലിവിഷനിലൂടെ മാത്രമാണ്‌ കുര്യനെ താന്‍ കണ്ടിട്ടുള്ളതെന്നും ധര്‍മ്മരാജന്‍ പറഞ്ഞു.

സൂര്യനെല്ലി കേസ്‌ പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ പെണ്‍കുട്ടി സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തൊടുപുഴ പരിഗണിക്കവേയാണ്‌ ധര്‍മ്മരാജന്‍ മൊഴി മാറ്റിയത്‌. ഇതേയാവശ്യം ഉന്നയിച്ച്‌ നല്‍കിയ ഹര്‍ജി പീരുമേട്‌ മജിസ്ട്രേറ്റ്‌ കോടതി തള്ളിയതിനെത്തുടര്‍ന്നാണ്‌ റിവിഷന്‍ ഹര്‍ജി നല്‍കിയത്‌. ഇതേത്തുടര്‍ന്ന്‌ പി ജെ കുര്യന്‍, ധര്‍മ്മരാജന്‍, ജമാല്‍, ഉണ്ണിക്കൃഷ്ണന്‍നായര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ക്ക്‌ കോടതി നോട്ടീസയച്ചിരുന്നു.