ജയിലില്‍ കൂടുതല്‍ സൌകര്യം വേണമെന്ന് ആവശ്യപ്പെട്ട് ആര്‍ ബാലകൃഷ്ണപിള്ള നിരാഹാര സമരം നടത്തുന്നു എന്ന് റിപ്പോര്‍ട്ട്. കൊതുകുവല ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ അനുവദിക്കാത്തതാണ് നിരാഹാരത്തിന് കാരണമെന്നാണ് സൂചന.
ഇഷ്ടാനുസരണം സന്ദര്‍ശകരെ കാണാന്‍ ജയില്‍ സൂപ്രണ്ട് പ്രദീപ് കുമാര്‍ പിള്ളയ്ക്ക് അനുവാദം നല്‍കിയില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജയിലിലെ ആശുപത്രി വാര്‍ഡില്‍ കഴിയുന്ന പിള്ളയ്ക്ക് വിഐപി സൌകര്യങ്ങള്‍ അനുവദിച്ചിട്ടുണ്ട് എങ്കിലും കൊതുകുവല നല്‍കിയിട്ടില്ല. ഇതിനെതിരെ നിരാഹാരം നടത്തുമെന്ന് പിള്ള പറഞ്ഞിരുന്നു എന്നാണ് അറിയുന്നത്.
പിള്ളയുടെ നേര്‍ക്ക് കര്‍ശന നിലപാട് എടുത്ത ജയില്‍ സൂപ്രണ്ടിനെതിരെ ഉന്നതര്‍ അതൃപ്തി പ്രകടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെത്തുടര്‍ന്ന്, പ്രദീപ് കുമാറിനെ പത്ത് ദിവസത്തേക്ക് ശാസ്താംകോട്ടയില്‍ ജയില്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള പ്രൊജക്ടിന്റെ ഓഫീസറായി ഡെപ്യൂട്ടേഷനില്‍ വിട്ടിരിക്കുകയാണ്. പ്രദീപ് കുമാറിന്റെ ചുമതല സീനിയര്‍ ജയിലറായ സത്യരാജിനാണ് നല്‍കിയിരിക്കുന്നത്.
അതേസമയം, തൊണ്ടവേദന കാരണമാണ് താന്‍ ആഹാരം കഴിക്കാത്തത് എന്നാണത്രേ പിള്ള ജയില്‍ അധികൃതരെ അറിയിച്ചിരിക്കുന്നത്. പ്രതിഷേധകാരണം രേഖാമൂലം അറിയിക്കാതെ നടപടി സ്വീകരിക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് ജയില്‍ അധികൃതര്‍.