മന്ത്രി കുരുവിള നിരപരാധിയാണെന്ന് കാണിച്ച് മന്ത്രിയുടെ മകന്‍ എല്‍ദോ പത്രങ്ങളില്‍ പരസ്യം നല്‍കി. വിവാദ ഭൂമിയിടപാടിന്‍റെ വസ്തുതകള്‍ ജനങ്ങളെ അറിയിക്കാനാണ് പരസ്യം നല്‍കുന്നതെന്നാണ് എല്‍ദോയുടെ വിശദീകരണം.
ഭൂമിയിടപാട് സംബന്ധിച്ച പൂര്‍ണ ഉത്തരവാദിത്വം മക്കളായ തങ്ങള്‍ക്കാണെന്നും മന്ത്രിക്ക് ഇടപാടില്‍ ഒരു ബന്ധവുമില്ലെന്നും എല്‍ദോ പരസ്യത്തില്‍ പറയുന്നു. മന്ത്രി കുരുവിള കുവൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ഭൂമിയിടപാട് നടന്നിരുന്നില്ല. അതുകൊണ്ട് കുവൈറ്റില്‍ വച്ച് മന്ത്രിക്ക് കെ.ജി.എബ്രഹാമുമായി ചര്‍ച്ച നടത്താന്‍ കഴിയില്ല.
ഇടപാടിന്‍റെ പൂര്‍ണ ഉത്തരവാദിത്വം മന്ത്രിയുടെ മക്കളായ തങ്ങള്‍ക്ക് മാത്രമാണ്. ഞങ്ങള്‍ പ്രായപൂര്‍ത്തിയായവും വിവാഹിതരും വേറിട്ട് താമസിക്കുന്നവരുമാണ്. അതിനാല്‍ ഞങ്ങള്‍ നടത്തിയ ഇടപാടില്‍ പിതാവിന് നേരിട്ട് ഇടപെടേണ്ട ആവശ്യമില്ല. ഭൂമിയുടെ വില കുറച്ചു കാണിച്ചിട്ടില്ല.
നിലവില്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതലായി അന്നത്തെ മാര്‍ക്കറ്റ് വിലയ്ക്കാണ് ആധാരം നടത്തിയത്. കരാറില്‍ നിന്നും പിന്‍മാറിയത് എബ്രഹാമാണ്. മൂന്നാര്‍ ദൌത്യം മൂലം റിസോര്‍ട്ട് നിര്‍മ്മാണം നടക്കില്ലെന്ന് ഉറപ്പായപ്പോഴാണ് എബ്രഹാമിന്‍റെ പിന്‍മാറ്റം. പിന്നീട് പരാതിയും ആരോപണവുമായി. ഇതിന് പി.സി.ജോര്‍ജിനെ ഉപയോഗിച്ചു.
പിതാവിന്‍റെ മന്ത്രിസ്ഥാനത്തിന് കോട്ടമുണ്ടാകുമെന്ന് ധരിച്ച് ഇടപാടില്‍ നിന്നും തങ്ങള്‍ പിന്‍മാറുമെന്ന പ്രതീക്ഷയാകാം എബ്രഹാമിനുണ്ടായിരുന്നത്. ഭൂമി ക്രയവിക്രയത്തിന് നിയമതടസ്സമില്ല. പണ്ടാരവക ഭൂമിയായതുകൊണ്ടാണ് തടസ്സമില്ലാത്തത്. അതുകൊണ്ട് കയ്യേറിയെന്ന വാദത്തിന് അടിസ്ഥാനമില്ല.
ആറ് ആധാരങ്ങളുടെ പോക്കുവരവ് ഫീസ് വില്ലേജ് ഓഫീസര്‍ വാങ്ങി. ചില ഇടപെടലുകളെത്തുടര്‍ന്ന് ബാക്കി കാര്യങ്ങള്‍ തടസ്സപ്പെട്ടു. ഇടപാട് നടന്നില്ലെങ്കില്‍ നഷ്ടത്തില്‍ ഉത്തരവാദി ആകേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ വില്ലേജ് ഓഫീസര്‍ അനന്തര നടപടി എടുക്കുകയായിരുന്നു. ഇതില്‍ സമ്മര്‍ദ്ദത്തിന്‍റെ കാര്യമില്ല.
ഇടുക്കി ജില്ലാ കളക്ടര്‍ രാജുനാരായണ സ്വാമിയെയും എല്‍ദോ വിമര്‍ശിച്ചിട്ടുണ്ട്. സത്യവിരുദ്ധവും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ സമീപനവുമാണ് കളക്ടറില്‍ നിന്നും ഉണ്ടായതെന്നാണ് എല്‍ദോ പറയുന്നത്.