പിണറായിക്കെതിരെ മൊഴി നല്‍കിയില്ല: ശര്‍മ

Webdunia
വെള്ളി, 27 ഫെബ്രുവരി 2009 (13:04 IST)
ലാവ്‌ലിന്‍ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ താന്‍ സി ബി ഐക്ക്‌ മൊഴി നല്‍കിയിട്ടില്ലെന്ന്‌ മന്ത്രി എസ് ശര്‍മ്മ പറഞ്ഞു. മലബാര്‍ ക്യാന്‍സര്‍ സെന്‍ററിന്‌ പണം ലഭിക്കാന്‍ ധാരണാപത്രത്തേക്കാള്‍ കരാറായിരുന്നു നല്ലത് എന്ന രീതിയില്‍ ശര്‍മ സി ബി ഐക്ക് മോഴി നല്‍കിയെന്ന് ‘ജനശക്തി’ വാരികയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നും സി ബി ഐക്ക്‌ നല്‍കിയ മൊഴി മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ കഴിയില്ലെന്നും ശര്‍മ പ്രതികരിച്ചു.

പിണറായിക്കെതിരെ താന്‍ മൊഴി നല്‍കി എന്ന് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മാത്രമാണ് ഇതിന്‍റെ ഉത്തരവാദിത്തം. സി ബി ഐ ചോദിച്ച കാര്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കി. സംസ്ഥാനത്തിന്‍റെ പൊതുതാല്‍പര്യം മാനിച്ചാണ് താന്‍ മൊഴി നല്‍കിയത്. അക്കാര്യങ്ങളൊന്നും പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല - ശര്‍മ പറഞ്ഞു.

പിണറായി മന്ത്രിയായിരുന്ന കാലത്ത്‌ തയ്യാറാക്കപ്പെട്ട ധാരണാപത്രത്തിന്‍റെ അന്തസത്തയ്ക്ക്‌ നിരക്കുന്ന തരത്തിലുള്ള കരാര്‍ വേണമെന്ന നിലപാടാണ് താന്‍ സ്വീകരിച്ചത്. ധാരണാപത്രത്തില്‍ നിന്ന്‌ വ്യത്യസ്തമായ ചില വ്യവസ്ഥകള്‍ കരാറില്‍ ഉണ്‌ടാവാം. എന്നാല്‍ കരാറിന്‍റെ അന്തസത്ത ധാരണാപത്രവുമായി ഒത്തുപോകുന്നതാവണം. അങ്ങനെയല്ലെന്ന്‌ ബോധ്യപ്പെട്ടപ്പോള്‍ താന്‍ ഫയല്‍ മടക്കി. ഇതെങ്ങനെയാണ് പിണറായിക്ക് എതിരാവുക? ഇത് പിണറായിക്ക് എതിരാണെന്ന് വ്യാഖ്യാനിക്കുന്നവര്‍ക്ക് മാത്രമാണ് ഇത്തരം വാര്‍ത്തകളുടെ ഉത്തരവാദിത്തം - ശര്‍മ പറഞ്ഞു.

താന്‍ മന്ത്രിയായിരുന്ന കാലത്ത് ധാരണാപത്രം പുതുക്കിയിട്ടുണ്ടെന്നും ശര്‍മ അറിയിച്ചു. പിന്നീട് വന്ന യു ഡി എഫ് സര്‍ക്കാരും ഒരിക്കല്‍ ധാരണാപത്രം പുതുക്കി. എന്നാല്‍ അതിന് ശേഷം എന്തു കൊണ്ടാണ് ധാരണാപത്രം പുതുക്കാത്തതെന്ന് യു ഡി എഫാണ് വ്യക്തമാക്കേണ്ടത് - ശര്‍മ അറിയിച്ചു.

മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍ സ്പെഷ്യല്‍ ഓഫിസര്‍ എന്‍ ശശിധരന്‍ നായര്‍ തയ്യാറാക്കിയ കരടു കരാറില്‍ ധാരണാപത്രത്തില്‍ നിന്ന്‌ വ്യതിയാനമുണ്ടായി എന്ന്‌ സി ബി ഐക്ക്‌ എസ്‌ ശര്‍മ മൊഴി നല്‍കിയതായാണ് ജനശക്തി വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ജനശക്തി റിപ്പോര്‍ട്ട് അനുസരിച്ച് ശര്‍മയുടെ മൊഴി ഇങ്ങനെയാണ്:

“ലാവ്‌ലിന്‍റെ പ്രൊപ്പോസല്‍ അനുസരിച്ച്‌ ക്യാന്‍സര്‍ സെന്‍റര്‍ സ്പെഷ്യല്‍ ഓഫിസര്‍ തയ്യാറാക്കിയ കരടു കരാറിലെ ചില പ്രധാന ഭാഗങ്ങള്‍ക്ക് ധാരണാപത്രത്തില്‍ നിന്നു വ്യതിയാനമുണ്ടായിരുന്നു. കരട്‌ കരാര്‍ നിയമ - ധനകാര്യ വകുപ്പുകളുടെ പരിശോധനയ്ക്കായി നല്‍കിയിരുന്നു. ഈ വകുപ്പുകള്‍ ധാരണാപത്രവും കരാറും തമ്മിലുള്ള വ്യതിയാനം ചൂണ്‌ടിക്കാണിയ്ക്കുകയും ചെയ്തിരുന്നു. ക്യാന്‍സര്‍ സെന്‍ററിനുള്ള മുഴുവന്‍ സാമ്പത്തിക സഹായവും ലാവ്‌ലിന്‍ കമ്പനി നല്‍കും എന്നായിരുന്നു ധാരണാപത്രത്തിലെ വ്യവസ്ഥ. എന്നാല്‍ അത് കരടു കരാറില്‍ എത്തിയപ്പോള്‍ ‘പണം സമാഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും’ എന്നായി. നിയമവകുപ്പ് ഇത് തള്ളുകയും മുഴുവന്‍ തുകയും ലാവ്‌ലിന്‍ നല്‍കണമെന്ന ഭേദഗതി വരുത്തി, കാലപരിധിക്കുള്ളില്‍ കരാറാക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. ആദ്യമേ കരാറുണ്ടാക്കുന്നതായിരുന്നു നിയമപരമായി ഉചിതം.”

എന്നാല്‍ താന്‍ പിണറായി വിജയനെതിരായി മൊഴി നല്‍കിയിട്ടില്ലെന്ന് ശര്‍മ വ്യക്തമാക്കിയതോടെ വിവാദം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.